കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിങ്കളാഴ്ച പകൽ തുരന്തോ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിൽ വച്ചായിരുന്നു സംഭവം. ഞായറാഴ്ച കണ്ണൂരും കാസർക്കോടുമായി മൂന്ന് ട്രെയിനുകൾക്ക് അക്രമികൾ കല്ലെറിഞ്ഞിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച ഒരേ സമയം മൂന്ന് ട്രെയിനുകൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞിരുന്നു. കണ്ണൂരിൽ തിരുവനന്തപുരം- നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം-നേത്രാവതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ എസി (എ1) കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ (12686) എ സി കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. ഇന്നലെ രാത്രി 7:11 നും 7:16 നും ഇടയാണ് കല്ലേറുണ്ടായത്.
ഓഖ-എറണാകുളം എക്സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. ഇതിനുപിന്നാലെയാണിപ്പോൾ വീണ്ടും പാപ്പിനിശേരിയിൽ തുരന്തോ എക്സ്പ്രസിന് അക്രമികൾ കല്ലെറിഞ്ഞത്. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്. ആദ്യ സംഭവം നടന്ന് 24 മണിക്കൂർ പിന്നിടും മുമ്പേ വീണ്ടും കല്ലേറുണ്ടായത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അട്ടിമറി സാധ്യതയും റെയിൽവേ പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലും മലപ്പുറത്തുമായി നിരോധിത സംഘടനായ പി എഫ് ഐയിൽ പ്രവർത്തിച്ചവരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. ഇതിനുശേഷമാണ് കല്ലേറുണ്ടായെന്നതും റെയിൽവേ പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്നു പേർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. നേരത്തെയും കണ്ണൂരിലും പരിസരങ്ങളിലും വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.