വിളയിൽ ഫസീല; മാപ്പിളപ്പാട്ടിന്റെ സുൽത്താന, എകെജിയുടെയും ഇഎംഎസിന്റെയും അഭിനന്ദനം ഏറ്റുവാങ്ങിയ ഗായിക

0
139

ഒരു കാലത്ത് സ്‌കൂൾ കലോത്സവങ്ങളിലെ മാപ്പിളപ്പാട്ടെന്നാൽ വി എം കുട്ടിയും വിളയിൽ ഫസീലയുമായിരുന്നു. ആര് വന്നു പാടിയാലും അതിൽ ആറോ ഏഴോ പാട്ടൊഴികെ ബാക്കിയെല്ലാം വിളയിൽ ഫസീല പാടിയവ. ‘നിസ്‌കാരപ്പായ നനഞ്ഞു കുതിർന്നല്ലോ’, ‘കണ്ണീരിൽ മുങ്ങി ഞാൻ’, ‘പടപ്പു പടപ്പോട്’, ‘അല്ലാപ്പായുള്ളോനെ’, ‘സുബ്‌ഹാന മല്ലാഹുന’, ‘ആകെലോക കാരണ മുത്തൊളി’, ‘ഉടനെ കഴുത്തെന്റെ’, എന്നിവയൊക്കെ വേദികളിൽ മുഴങ്ങും. ഒപ്പനയിലേക്കെത്തുമ്പോൾ അത് ‘മാളിയേറി മുടി ചൂടി വിളങ്ങും മലർനാരി’യും ‘തസ്‌രീഫും മുബാറക്കാദരവായ’, ‘അബി നബി മുത്തിന്റെ മണവാട്ടി’, ‘കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി’ എന്നിങ്ങനെ ഫസീലയുടെ മാത്രം പാട്ടുകൾ. വൈകുന്നേരങ്ങൾ മലബാറിലെ വീടുകളിൽ കുട്ടികളെ ഉറക്കാൻ പാടിയിരുന്നത് ഹസ്ബീ റബ്ബീ ജല്ലല്ലാഹും കൊക്കരക്കൊക്കര കോയിക്കുഞ്ഞേ, ചക്കരമാവിലെ തത്തപ്പെണ്ണേയും ആനെ മദനപ്പൂവും അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും ബാപ്പ അറിയാനും ബേദാമ്പർ നബി തന്റെ പൂമകൾ ഫാത്തിമയും ഫിർദൗസിൽ അണയുവാനും ഒക്കെയായിരുന്നു.

സംഗീതാസ്വാദകരെ ഇശലിന്റെ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ ഗായികമാരാണ് ആലപ്പുഴ ആയിഷ ബീഗവും ആലപ്പുഴ റംല ബീഗവും വിളയിൽ ഫസീലയും സിബല്ല സദാനന്ദനും മുക്കം സാജിദയുമെല്ലാം. മലബാറിലെ മുസ്ലിം വീടുകളിൽ കല്യാണമുണ്ടെങ്കിൽ തലേന്ന് രാത്രിയും പിറ്റേന്നും തെങ്ങുകളിൽ കെട്ടിയ കോളാമ്പി മൈക്കുകളിൽ നിന്നും പഴയ ടേപ്പ് റെക്കാർഡറിൽ ഉച്ചക്കുശേഷം അയൽവീട്ടിൽ നിന്നും കേൾക്കുന്ന മാപ്പിളപ്പാട്ടുകളിൽ ഭൂരിഭാഗവും വിളയിൽ ഫസീലയുടേതായിരുന്നു. കല്യാണത്തലേന്ന് രാത്രി വരന്റെ വീടുകളിൽ വി എം കുട്ടിയും മൂസ എരഞ്ഞോളിയും പീർ മുഹമ്മദും എസ് എ ജമീലുമൊക്കെയാണെങ്കിൽ വധുവിന്റെ വീടുകളിൽ അത് വിളയിൽ ഫസീലയും മുക്കം സാജിദയും റംല ബീഗവും ആയിരുന്നു.

പാടിപ്പാടി തെളിഞ്ഞ ഗായികയാണ് വിളയിൽ ഫസീല എന്ന് നിസംശയം പറയാം. സംഗീതം പഠിക്കാതെ, സാഹിത്യ സമാജങ്ങളിൽ നിന്നും പാടി ഉയർന്നുവന്ന ഗായിക. അക്ഷര സ്ഫുടത കൊണ്ടും അറബിയിലെ ഉച്ചാരണശുദ്ധി കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച പാട്ടുകാരി. ബുർദ കേട്ടുകേട്ടാണ് അന്ന് വിളയിൽ വത്സല അറബി ഉച്ചാരണങ്ങൾ പഠിച്ചത്. 1970-ല്‍ വിളയില്‍ പറപ്പൂര്‍ വി പി എയുപി സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ വെച്ച് തുടങ്ങിയ ആലാപനം പിന്നീട് മാപ്പിളപ്പാട്ടിന്റെ മാധുര്യമായി മാറി. അന്നും ഇന്നും മാപ്പിളപ്പാട്ടിന്റെ തരിവള കിലുക്കം എന്നുതന്നെയാണ് ഫസീലയെ വിശേഷിപ്പിക്കാനാകുക.

കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങളിൽ മാപ്പിളപ്പാട്ട് പാടി എകെജിയുടെയും ഇ എംഎസിന്റേയും അഭിനന്ദനം ഏറ്റുവാങ്ങിയ അനുഭവവുമുണ്ട് ഫസീലക്ക്. തിരൂരിൽ നടക്കുന്ന സിപിഐ എം സമ്മേളനത്തിൽ മാപ്പിളപ്പാട്ട് വേണമെന്ന് ഇ കെ ഇമ്പിച്ചബാവ അടക്കമുള്ളവർ വി എം കുട്ടിയോട് ആവശ്യപ്പെടുന്നു. അന്ന് വി എം കുട്ടിയുടെ സംഘത്തിലെ പ്രധാന ഗായികമാരായ ആയിഷ സഹോദരിമാർ വരില്ലെന്നായി. ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് അവർ പിൻവാങ്ങിയത്. അന്ന് പകരം ഗായികയായി എത്തിയത് വിളയിൽ വത്സലയെന്ന പിൽക്കാലത്തെ വിളയിൽ ഫസീലയായിരുന്നു. പാട്ട് പാടാൻ വന്നപ്പോൾ കൊച്ചുഗായികയെ വേദിയിലേക്ക് കൈപിടിച്ച് കയറ്റിയത് അഴീക്കോടൻ രാഘവൻ. പാടിക്കൊണ്ടിരിക്കെ ഗായികക്ക് നോട്ടുമാലയും ഹാരങ്ങളും ഒന്നിനുപിറകെ ഒന്നായി കിട്ടി. പാട്ട് അവസാനിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന എകെജി ഓടിവന്ന് അനുമോദിച്ചു. ഇ എം എസ് തലയിൽ തൊട്ട് അഭിനന്ദിച്ചു. ഇക്കാര്യം വി എം കുട്ടിയും അനുസ്മരിച്ചിരുന്നു.

തന്നെ പാട്ടുകാരിയാക്കിയത് വി എം കുട്ടി ആണെന്ന് ഫസീല പറഞ്ഞിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയത്തില്‍ ബാലലോകം പരിപാടി അവതരിപ്പിക്കുന്നതിനായി വി എം കുട്ടിക്ക് കുറച്ച് കുട്ടികളെ ആവശ്യമുണ്ടായിരുന്നു. അലച്ചിലിനൊടുവിൽ അദ്ദേഹം വിളയില്‍ പറപ്പൂരിലെ തിരുവാച്ചോല സൗദാമിനി ടീച്ചറുടെ അടുത്തെത്തുന്നു. സഖാവ് കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാഷ് വഴിയാണ് വി എം കുട്ടി സ്‌കൂളിലെത്തുന്നത്. സാഹിത്യ സമാജങ്ങളിൽ പാടുന്ന വല്‍സലയേയും ഒപ്പം പാടുന്ന ഇന്ദിര, മാലതി, സതി എന്നിവരെയും  ടീച്ചര്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നാണ് വിളയിൽ വത്സല എന്ന പിന്നീട് വിളയിൽ ഫസീല എന്ന ഗായിക ജനിക്കുന്നതെന്ന് അവർ എന്നും പറയും. സഖാവ് കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാഷ്, പുളിക്കല്‍ ചെന്താര തിയേറ്റേഴ്‌സിൻ്റെ പിന്തുണയും ഒരിക്കലും മറക്കാവതല്ലെന്നും പല അഭിമുഖങ്ങളിലും വിളയിൽ ഫസീല പറഞ്ഞിരുന്നു.

1970-80 കളിൽ വി എം കുട്ടി, വിളയിൽ ഫസീല കൂട്ടുകെട്ട് മാപ്പിളപ്പാട്ട് ഗാനരംഗത്ത് സൃഷ്ടിച്ചത് ചരിത്രം തന്നെയാണ്. പിന്നീടത് കേരളത്തിലാകെ തരംഗമായി. എൺപതുകളുടെ ആദ്യഘട്ടത്തിൽ ഗൾഫ് നാടുകളിലും ഈ കൂട്ടുകെട്ട് വിസ്മയം തീർത്തു. വി എം കുട്ടിക്കൊപ്പം പാടിയ മണിത്താലി കാസറ്റ്, കെ ജെ യേശുദാസിനൊപ്പം പാടിയ ‘ഹക്കാനാ കോനമാറാൽ’ അടക്കമുള്ള മൈലാഞ്ചിപ്പാട്ടുകൾ ഒക്കെ ഇന്നും ആസ്വാദകർക്കുള്ളിൽ തത്തിക്കളിക്കുന്നു. 1982 ല്‍ യേശുദാസിനോടൊപ്പവും കെ രാഘവന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ പിറന്ന ‘വിശ്വപ്രപഞ്ചത്തിനാകെ റസൂലേ’ എന്ന പാട്ട് അനശ്വരനായ എം എസ് ബാബുരാജിനൊപ്പവും പാടി.

നാട്ടിലും വിദേശത്തുമായി ആയിരത്തിലേറെ വേദികളിലാണ് വിളയിൽ ഫസീല ഗാനവിസ്മയങ്ങൾ തീർത്തത്. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കാസർകോടൻ ഗ്രാമങ്ങളിൽ വി എം കുട്ടിയും മൂസ എരഞ്ഞോളിയും വിളയിൽ ഫസീലയും കഴിഞ്ഞേ അവർക്ക് മറ്റൊരു ഗായകർ ഉണ്ടായിരുന്നുള്ളു. മൊഗ്രാലിൽ നടന്ന പക്ഷിപ്പാട്ട് സമ്മേളനത്തിലും തളങ്കര മുസ്ലിം സ്‌കൂൾ ഗ്രൗണ്ടിലെ ഗാനമേള വേദികളിലും ചെറിയ പെരുന്നാൾ നാളുകളിൽ ഉപ്പള, കുമ്പള എന്നിവിടങ്ങളിലെ ഗാനമേളകളിലും ഫസീലയുടെ നാദം അനിർവചനീയമായി ഒഴുകി.