പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു; വിട പറയുന്നത് ഇശലിനെ ജനപ്രിയമാക്കിയ ഗായിക

0
106

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ ഏറെ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു വിളയിൽ ഫസീല. അയ്യായിരത്തിലേറെ മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടർന്നായിരുന്നു മരണം.

80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളിൽ തിളങ്ങിയ ഗായികയായിരുന്നു. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ….’ എന്ന ഗാനം എം എസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. ദുബൈ അടക്കം വിദേശരാജ്യങ്ങളിലും വിളയിൽ ഫസീല നിരവധി പരിപാടികൾ അവതരിപ്പിച്ചു.

“ഹസ്ബീ റബ്ബീ ജല്ലല്ലാഹ്”, “കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി”, “ആമിന ബീവിക്കോമന മോനേ”, “മക്കത്തെ രാജാത്തിയായി”, “മനസകമിൽ മുഹബത്ത് പെരുത്ത്”, “ആനെ മദനപ്പൂ”, “കണ്ണീരിൽ മുങ്ങി ഞാൻ”, “പടപ്പു പടപ്പോട്”  എന്നിവയാണ് പ്രശസ്ത ഗാനങ്ങൾ. ഈ ഗാനങ്ങൾ ഇന്നും ലോകമെങ്ങുമുള്ള മാപ്പിളപ്പാട്ട് ആസ്വാദകർ പാടിനടക്കുന്നുണ്ട്. ഇതുപോലെ ആയിരക്കണക്കിന് ഗാനങ്ങളാണ് ഫസീല പാടിയിട്ടുള്ളത്. ‘തരംഗിണി കാസറ്റ്സ്’ പുറത്തിറക്കിയ മൈലാഞ്ചിപ്പാട്ടുകൾ എന്ന ഗാനസമാഹാരത്തിൽ പ്രശസ്ത ഗായകൻ കെ ജെ യേശുദാസിനൊപ്പം “ഹാക്കനാ കോനമാറാൽ” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. യേശുദാസിനൊപ്പവും നിരവധി മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്.

മലപ്പുറം ഏറനാട് താലൂക്കിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വിളയിൽ വത്സല എന്നായിരുന്നു ആദ്യകാല പേര്. പിന്നീട് ഇവർ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വിളയിൽ ഫസീല എന്ന പേര് സ്വീകരിച്ചത്. മാപ്പിളപ്പാട്ടുകളായിരുന്നു പാടിയവയിൽ ഏറെയും. മാപ്പിളപ്പാട്ടിന്റെ ജനകീയമാക്കുന്നതിൽ വിളയിൽ ഫസീല വഹിച്ച പങ്ക് വളരെ വലുതാണ്. പഴയകാലത്തെ പല പ്രശസ്ത മാപ്പിളപ്പാട്ടുകളും ജനം കേട്ടത് ഫസീലയുടെ മാധുര്യമുള്ള ശബ്ദത്തിലൂടെയായിരുന്നു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെൻറ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിനെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വിളയില്‍ ഫസീല ഏറെക്കാലം ഇശലിന്റെ ലോകത്തു നിറഞ്ഞുനിന്നു.