ഉമ്മൻ ചാണ്ടിയെ മറന്ന് രാഹുൽഗാന്ധിയുടെ സ്വീകരണയോഗം; അവസാനം പേരിന് മൗനാചരണവും, ലീഗിനെയും കൂട്ടിയില്ല

0
122

അയോഗ്യത മറികടന്ന് വീണ്ടും വയനാട്‌ ലോക്സഭാ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ സ്വീകരണയോഗത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച് കോൺഗ്രസ് നേതൃത്വം. സ്വീകരണയോഗം ആരംഭിക്കുന്നതിനു മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ച് ഉമ്മൻ ചാണ്ടിയോട് ആദരവ് പ്രകടിപ്പിക്കാൻ പോലും ആരുമുണ്ടായില്ല.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ഉമ്മൻ ചാണ്ടിയെ നേതാക്കൾ മറന്നത്. സുധാകരനും മുരളീധരനും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ്‌ തങ്ങളും പ്രസംഗിച്ചശേഷം വേദിയിൽ നിന്ന് ആരോ ഓർമിപ്പിച്ചു. ഇതോടെ യോഗാരംഭത്തിൽ നടക്കേണ്ട മൗനാചരണം പേരിനു മാത്രമായി നടത്തിയത്. മൗനാചരണം വൈകിയെന്ന കെ സുധാകരന്റെ ക്ഷമാപണത്തോടെ അവസാനഘട്ടത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. എം കെ രാഘവൻ എംപി, ടി സിദ്ദീഖ് എംഎൽഎ എന്നിവർ വേദിയിലുണ്ടായിട്ടും ഇവരാരും ഉമ്മൻ ചാണ്ടിയെ ഓർത്തതുമില്ല. യോഗത്തിൽ ആരുംതന്നെ ഉമ്മൻ ചാണ്ടിയെ പരാമർശിക്കുക പോലുമുണ്ടായില്ല. ഉമ്മൻ ചാണ്ടിയുടെ ഒരു ചിത്രം പോലും വേദിയിലോ സ്വീകരണ സ്ഥലത്തോ ഉണ്ടായതുമില്ല.

അതിനിടെ, അയോഗ്യത നീങ്ങിയശേഷം വയനാട്‌ ലോക്സഭാ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക്‌ നൽകിയ സ്വീകരണം കോൺഗ്രസ്‌ പരിപാടിയായി ചുരുക്കിയതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകരും ജില്ലാ നേതാക്കളും പരിപാടി ബഹിഷ്‌കരിച്ചു. കോൺഗ്രസിന്റെ നടപടിയിൽ വയനാട് ജില്ലാ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവർ പങ്കെടുത്തുവെങ്കിലും ലീഗണികൾ തിരിഞ്ഞുനോക്കിയതുപോലുമില്ല. യുഡിഎഫ്‌ നേതൃത്വത്തിൽ സ്വീകരണം ഒരുക്കണമെന്ന ആവശ്യം ലീഗ്‌ മുന്നോട്ട്‌ വെച്ചെങ്കിലും ഈ നിർദ്ദേശം കോൺഗ്രസ്‌ തള്ളിയിരുന്നു. ഇതോടെ പരിപാടിയിൽ അണികളെ പങ്കെടുപ്പിക്കില്ലെന്ന് ലീഗ്‌ തീരുമാനമെടുത്തു. കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ അനുനയ ശ്രമം നടത്തിയെങ്കിലും ജില്ലാ നേതൃത്വം വഴങ്ങിയില്ല.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ജില്ലയിലുൾപ്പെടെ യുഡിഎഫ്‌ നേതൃത്വത്തിലാണ്‌ പ്രതിഷേധ പരിപാടികൾ നടന്നത്‌. എന്നാൽ അനുകൂല തീരുമാനമുണ്ടായി മണ്ഡലത്തിൽ തിരിച്ചെത്തിയപ്പോൾ ലീഗിനെ ഒപ്പം കൂട്ടാതെ ഒറ്റക്ക് ക്രഡിറ്റ് അടിക്കുന്നത് ശരിയല്ലെന്ന് ലീഗ് നേതാക്കൾ തുറന്നടിച്ചു. മുന്നണി മര്യാദ പാലിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ ലീഗ് പ്രവർത്തകർ പരസ്യമായി വിമർശിക്കുകയാണ്.