സമൂഹ മാധ്യമങ്ങളിൽ തേഞ്ഞൊട്ടി കെ മുരളീധരൻ; പിന്നാലെ പൊങ്കാല, അച്ഛനും മകനും തൃശൂരിൽ തോറ്റത് ഓർമയില്ലേയെന്നും ചോദ്യം

0
195

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെ പരിഹസിച്ച കെ മുരളീധരന് സമൂഹ മാധ്യമങ്ങളിൽ പൊങ്കാല. കോൺഗ്രസ് പ്രവർത്തകർ അടക്കം നിരവധി പേരാണ് കെ മുരളീധരന് ചുട്ട മറുപടിയുമായി രംഗത്തുവന്നത്. ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയ ചിലർ കെ മുരളീധരനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. ജെയ്ക്ക് സി തോമസിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെ ‘പുതുപ്പള്ളിയിൽ ജെയ്ക്കിന് ഹാട്രിക്, അപ്പനോടും മകനോടും തോറ്റെന്ന പേരു കിട്ടും, ആശംസകൾ’ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. രാഷ്ട്രീയമായി പ്രതികരിക്കുന്നതിനപ്പുറം വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലായിരുന്നു കോഴിക്കോട്ട് മാധ്യമങ്ങളോട് മുരളീധരൻ സംസാരിച്ചത്. പ്രതികരണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ മുരളിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പിന്നാലെയാണ് മുരളീധരനെ തേച്ച് ഒട്ടിച്ചുള്ള പൊങ്കാല.

ഒരു വീട്ടിലെ അച്ഛനും മകനും മകളും ചരിത്രപരമായി തൃശൂരിൽ തോറ്റതിന്റെ ചരിത്രം പേറുന്ന മുരളി തന്നെ ഇത് പറയണം എന്നായിരുന്നു കമന്റുകളിൽ ഒന്ന്. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് വളഞ്ഞ വഴിയിലൂടെ മന്ത്രിയായശേഷം വടക്കാഞ്ചേരിയിൽ സിപിഐ എം ഏരിയാ സെക്രട്ടറിയോട് തോറ്റ ചരിത്രം ആരും ഇന്നുവരെ തിരുത്തിയിട്ടില്ലെന്നായിരുന്നു മറ്റൊന്ന്. ഭേദിക്കാൻ പറ്റാത്ത റെക്കോർഡുള്ള മുരളീധരൻ ഉമ്മൻ ചാണ്ടിയെപ്പറ്റി മുമ്പ് പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടോ എന്നായിരുന്നു വേറൊന്ന്. ഇന്ത്യയിൽ ആദ്യമായി ഒരു മന്ത്രി ഉപതിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ക്രെഡിറ്റ് ഇപ്പോഴും താങ്കൾക്ക് തന്നെ. കക്ഷത്തിരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനവും പോയി ഉത്തരത്തിലിരുന്ന മന്ത്രിസ്ഥാനം കിട്ടിയതുമില്ല എന്നും മന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ തോറ്റ റെക്കോർഡ് താങ്കൾക്ക് സ്വന്തം എന്നും സിറ്റിംഗ് സീറ്റിൽ ഏരിയ
സെക്രട്ടറിയോട് തോറ്റ് നാണം കെട്ട് മന്ത്രി സ്ഥാനം രാജിവെച്ച മുരളീധരൻ തന്നെ അല്ലെയിതെന്നും ചോദിക്കന്നവരുണ്ട്.

കെപി സി സി പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു മന്ത്രിപ്പണിക്ക് പോയി തോറ്റ ചരിത്രം, കേരളത്തിൽ ആദ്യം അച്ഛനും മോനും പെങ്ങളും തോറ്റു ഹാട്രിക് നേടിയ ചരിത്രം ഇതൊന്നും ഇന്നും ആരും തിരുത്തിയിട്ടില്ല എന്നും ചിലർ മുരളീധരനെ ഓർമിപ്പിക്കുന്നു.
അച്ഛനെയും മകനെയും ഒരുപോലെ എടുത്തിട്ട് അലക്കി ഉണക്കാനിട്ട് തോൽപ്പിച്ച ഒരാളുണ്ട്, പേര് വി വി രാഘവൻ എന്നാണ്, സ്ഥലം തൃശൂരാ ഗഡി എന്നും മുരളിയെ പരിഹസിക്കുന്നു. പണ്ട് വി വി രാഘവൻ തൃശൂരിൽ 96-ൽ കരുണാകരനെയും 98-ൽ മുരളീധരനെയും മലർത്തി അടിച്ചിരുന്നു.

പിന്നീട് ലീഡർ 2010-ൽ മരിച്ചു. മുരളി ഇന്നും ജീവച്ഛവമായി ഇതുപോലെ ഓരോ സെൽഫ് ഗോളും അടിച്ചിരിക്കുന്നു, തൃശൂരിന് ഒരു പ്രത്യേകതയുണ്ട് അഛനെയും രണ്ടു മക്കളെയും പലവട്ടം തോൽപ്പിച്ച പാരമ്പര്യം. ന്യായികരിക്കേണ്ടിവരും. അഛന്റെ ലേബലിൽ മുഴുവൻ പേരും നേതാക്കളായില്ലേ?, എംപി സ്ഥാനത്തിരുന്നിട്ടു 2021ൽ നേമത്ത് മൂന്നാം സ്ഥാനത്ത് എത്തിയ ആളാണോ ഇത് പറയുന്നത് എന്നിങ്ങനെ പോകുന്നു കമന്റുകൾ. മുരളി തോറ്റിട്ടില്ലേ, എന്തിന് ഇന്ദിരാജി തോറ്റിട്ടില്ലേ, തെരഞ്ഞെടുപ്പിൽ തോൽക്കും ജയിക്കും, അതിലെന്താണ് അത്ഭുതം എന്ന് കെ മുരളീധരനോട് ചോദിക്കുന്നവരും കുറവല്ല. പാർട്ടി പറഞ്ഞിടത്തൊക്കെ പോയി വയറുനിറയെ തല്ലുവാങ്ങുന്നവൻ എന്ന പരിഹാസവുമുണ്ട്.

മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനും ആളാകാനും മുരളി നടത്തിയ പ്രതികരണങ്ങൾക്കേറ്റ അടിയാണ് സമൂഹ മാധ്യമങ്ങളിലെ പൊങ്കാലയെന്ന് കോൺഗ്രസുകാർ തന്നെ തുറന്നുസമ്മതിക്കുന്നു. ആകെ കിട്ടുന്ന വോട്ട് ഇല്ലാതാക്കാനാണ് മുരളീധരൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അനുഭാവികൾ ഇതേ പോസ്റ്റിൽ തന്നെ മറുപടി പറയുന്നുണ്ട്. ഒന്ന് വായ തുറക്കാതിരിക്കാമോയെന്നും ആസ്ഥനത്ത് ഇങ്ങനെയൊരു പ്രതികരണം വേണ്ടിയിരുന്നില്ലയെന്നും കോൺഗ്രസുകാർ പറയുന്നു. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ വിലാപയാത്രയിലോ പിന്നീട് സംസ്ക്കാര ചടങ്ങിന്റെ താങ്കളെ കണ്ടില്ലല്ലോ എന്ന് ചോദിക്കുന്നവരും കുറവല്ല. പത്ത് ദിവസം കഴിഞ്ഞ് പുതുപ്പള്ളിയിൽ പോയതിന്റെ കഥയറിയാം കേട്ടോ എന്ന് പഴയകാല പ്രസംഗം ഓർമിപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്.

ചോദിച്ചു വാങ്ങുക എന്നൊക്കെ കേട്ടിട്ടില്ലേ അതാണ് സംഭവിച്ചത് എന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം. വയറു നിറയെ കിട്ടിയപ്പോൾ പ്രതികരിക്കാനുള്ള മോഹം നിന്നുകാണും എന്നാണ് അദ്ദേഹം ചേർത്തുപറഞ്ഞത്. എന്തായാലും ആളാകാൻ നോക്കിയിട്ട് തലക്കടിയേറ്റ അവസ്ഥയിലായി മുരളീധരനെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും പറയുന്നത്.