മാമന്നൻ സിനിമയിലേത് സമാനമായ ജാതിവെറി; തിരുനെൽവേലിയിൽ ദളിത് വിദ്യാർത്ഥിയെ പ്രായപൂർത്തിയാകാത്ത ആറ് പേർ ചേർന്ന് അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം

0
131

തമിഴ്നാട് തിരുനെൽവേലിയിൽ ദളിത് വിദ്യാർത്ഥികൾക്കെതിരായ വധശ്രമത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിൽ. ഇവരിൽ 4 പേർ, ആക്രമണത്തിന് ഇരയായ 17 കാരൻറെ സഹപാഠികളാണ്. തിരുനെൽവേലി വള്ളിയൂർ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന ചിന്നദുരയെന്ന വിദ്യാർത്ഥിയെ ഉന്നതജാതിയിലുള്ള ചില സഹപാഠികൾ പതിവായി അധിക്ഷേപിച്ചിരുന്നു. സിഗററ്റ് വാങ്ങി നൽകാൻ നിർബന്ധിക്കുന്നതടക്കം ഉപദ്രവം പരിധി വിട്ടതോടെ കുട്ടി പഠനം നിർത്തി.

പരാതിയുമായി അച്ഛൻ സ്കൂളിലെത്തിയതിന് പിന്നാലെ പ്രിൻസിപ്പൽ, ശല്യക്കാരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് ചെയ്തു . ഇതിലുള്ള പക കാരണം ബുധനാഴ്ച അർധരാത്രി ദളിത് വിദ്യാർത്ഥിയുടെ വീട്ടിൽ കടന്നു കയറി അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച 14കാരിയായ സഹോദരിയെയും പ്രതികൾ ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോളേക്കും ഓടി രക്ഷിപ്പെട്ട അക്രമികളെ ജനരോഷം കനത്തതോടെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ 4 പേർ ഇതേ സ്കൂളിൽ പഠിക്കുന്നവരാണ്. ബാക്കി രണ്ട് പേർ സ്കൂൾ പഠനം ഉപേക്ഷിച്ചവരും. വധശ്രമം അടക്കം കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.