യോഗിയുടെ യുപിയില്‍ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷണ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി

0
145

യോ​ഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണങ്ങളുടെ നിലവിലെ സ്ഥിതിയന്വേഷിച്ച് സുപ്രീംകോടതി. സംസ്ഥാനത്ത് ആറ് വർഷത്തിനി‌ടെ നടന്ന എല്ലാ ഏറ്റുമു‌ട്ടൽ കൊലപാതകങ്ങളുടേയും അന്വേഷണത്തിന്റെ സ്ഥിതി വിവരിച്ച് സംസ്ഥാന സർക്കാർ ആറാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഉത്തർപ്രദേശിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അജയ് കുമാർ മിശ്രയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസുകളും ഇവയിലെ വിചാരണയുടെ ഘട്ടവും വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

ഡിജിപി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവർ പ്രത്യേകം നിർദേശിച്ചു. കസ്റ്റഡി കൊലപാതകങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ബെഞ്ച് സൂചിപ്പിച്ചു. ഗുണ്ടാത്തലവനും മുൻ എംഎൽഎയുമായിരുന്ന അതീഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട രണ്ട് ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിർദേശം. അഭിഭാഷകനായ വിശാൽ തിവാരിയും അതീഖ് അഹമ്മദിന്റെ സഹോദരി ഐഷ നൂറിയുമായിരുന്നു ഹർജിക്കാർ.

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കുറ്റാരോപിതരുടെ വിവരങ്ങൾ, അന്വേഷണം ഏത് ഘട്ടത്തിലെത്തി നിൽക്കുന്നു, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കൃത്യമായ വിവരങ്ങൾ നൽകാനാണ് കോടതിയുടെ ഉത്തരവ്. ജയിലിനുള്ളിൽ കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നതിനെക്കുറിച്ചും അത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും ജസ്റ്റിസ് ഭട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. ജയിലുകളിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ ആശങ്കാജനകമാണെന്ന് കോടതി പറഞ്ഞു.
പോലീസ് സുരക്ഷയ്ക്കിടയിലും അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പോലീസുകാർക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ”അഞ്ചുപേർ കാവൽ നിൽക്കുന്നു, ചിലർ വന്ന് വെടിവയ്ക്കുന്നു. പൊതുജനങ്ങൾക്ക് എങ്ങനെ ക്രമസമാധാനകാര്യങ്ങളിൽ വിശ്വാസമുണ്ടാകും ” -ജസ്റ്റിസ് ഭട്ട്, ഉത്തർപ്രദേശ് എജിയോട് ചോദിച്ചു.