തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് പിടിച്ചെടുത്തത് മൂന്ന് യുഡിഎഫ് സീറ്റുകൾ, പരമ്പരാഗത വാർഡുകൾ നിലനിർത്തി യുഡിഎഫ്

0
123

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് യുഡിഎഫ് സിറ്റിം​ഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡ്, ആലപ്പുഴ തലവടി പഞ്ചായത്തിലെ 13-ാം വാർഡ്, പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്.

ഉപതെരഞ്ഞെടുപ്പിൽ ഏഴിടത്ത് എല്‍ഡിഎഫും ഒമ്പതിടങ്ങളിൽ യുഡിഎഫും വിജയിച്ചു. യുഡിഎഫ് പരമ്പരാഗതമായി വിജയിച്ചിരുന്ന വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, യുഡിഎഫ് മുന്നേറ്റം എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. നേരത്തെ യു ഡി എഫ് വിജയിച്ച വാർഡുകൾ അവർ മുൻകാലങ്ങളിലെ ഭൂരിപക്ഷത്തിന് നിലനിർത്തുകയായിരുന്നു. ഒരിടത്ത് എന്‍ഡിഎയും ജയിച്ചു.
കൊല്ലം ജില്ലയിലെ തെന്മല ആര്യങ്കാവ്, ആലപ്പുഴ തലവടി, തൃശൂര്‍ മാടക്കത്തറ, പാലക്കാട് പൂക്കോട്ട്കാവ്, കണ്ണൂര്‍ മുണ്ടേരി, ധര്‍മ്മടം പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് ജയിച്ചു.
എറണാകുളം ജില്ലയിലെ ഏഴിക്കര, വടക്കേക്കര, മൂക്കന്നൂര്‍, പള്ളിപ്പുറം, മലപ്പുറം ജില്ലയിലെ ചുങ്കത്തറ, തുവ്വൂര്‍, പുഴക്കാട്ടിരി, കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തുകളിലാണ് യുഡിഎഫ് ജയിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫ് ജയിച്ചു. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് എൻഡിഎയും കരസ്ഥമാക്കി.

എൽഡിഎഫ് പിടിച്ചെടുത്ത വാർഡുകൾ

തെന്മല പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒറ്റക്കൽ എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. എൽഡിഎഫ്‌ സ്ഥാനാർഥി എസ് അനുപമയാണ് വിജയിച്ചത്. 34 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസായിൽ നിന്നും എൽഡിഎഫ് വാർഡ് പിടിച്ചെടുത്തത്. യുഡിഎഫ് അംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ നിര്യാണത്തെതുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അനുപമയ്ക്ക് 561 വോട്ടും ബിജിലി ജെയിംസിന് 527 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥിയായി ആശാംബികയും മത്സരിച്ചിരുന്നു. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ യുഡിഎഫ് സിറ്റിം​ഗ് സീറ്റായ കോടമ്പനാടി വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയച്ചത്. പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെതുടർന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതേതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ പഞ്ചായത്ത് എൽഡിഎഫാണ് ഭരിക്കുന്നത്.

പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാർഡ് താനിക്കുന്ന് വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ പി മനോജ്‌ 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വാർഡാണ് പിടിച്ചെടുത്തത്. താനിക്കുന്ന് വാർഡ് അംഗമായിരുന്ന കോൺഗ്രസിലെ പി മനോജ് രാജിവച്ചതിനെതുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് ഭാരവാഹി സ്ഥാനവും രാജിവച്ച് പി മനോജ്‌ സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പി മനോജിന് 513 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിലെ കെ ഉണ്ണികൃഷ്ണന് 210 വോട്ടേ കിട്ടിയുള്ളൂ. ഇതോടെ 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ എൽഡിഎഫ് 9 , യുഡിഎഫ് 4 എന്നിങ്ങനെയായി കക്ഷിനില.

എൽഡിഎഫ് നിലനിർത്തിയ വാർഡുകൾ

തൃശൂർ ജില്ലയിലെ മാടക്കത്തറ താണിക്കുടം വാർഡിൽ എൽഡിഎഫിന് ഉജ്വല ഭൂരിപക്ഷത്തിന് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി പി എൻ രാധാകൃഷ്ണനെ 652 വോട്ടിന് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മിഥുൻ തീയത്തുപറമ്പിൽ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി അംഗം സേതു താണികുടം സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 306 ആയിരുന്നു ഭൂരിപക്ഷം. എൻഡിഎ സ്ഥാനാർത്ഥിയായി രാഹുൽ കുറുമാം പുഴ മൽസരിച്ചിരുന്നു. മാടക്കത്തറ പഞ്ചായത്തിൽ എൽഡിഎഫ്- 13, ബിജെപി- രണ്ട്‌, യുഡിഎഫ്- ഒന്ന് എന്നിങ്ങനെയാണ്‌ കക്ഷിനില.

കണ്ണൂർ ജില്ലയിലെ മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബി പി റീഷ്മ വിജയിച്ചു. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ കെ ടി ബീനയെയാണ് തോൽപ്പിച്ചത്. റീഷ്മയ്ക്ക് ഥടധ വോട്ടും ബിനയ്ക്ക് 331 വോട്ടുമാണ് ലഭിച്ചത്. സിപിഐ എം അംഗമായിരുന്ന എം വിജിതയുടെ നിര്യാണത്തെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. നിലവിലെ കക്ഷിനില: ആകെ സീറ്റ് 20. എൽഡിഎഫ്‌- 13, യുഡിഎഫ്‌- 7.

കണ്ണൂർ ജില്ലയിലെ ധർമടം പരിക്കടവിൽ സിപിഐ എമ്മിലെ ബി ഗീതമ്മ വിജയിച്ചു. യുഡിഎഫിലെ എം സുരേഷിനെയാണ് തോൽപ്പിച്ചത്. ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പി പി സിന്ധുവായിരുന്നു എൻഡിഎ സ്ഥാനാർഥി. എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണിത്. സിപിഐ എമ്മിലെ കെ കെ ശശീന്ദ്രന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ഇന്ത്യ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും അവസാനഘട്ടത്തിൽ കോൺഗ്രസുമായി രഹസ്യധാരണയുണ്ടാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ശരി വെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലവും.

കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ രേഷ്മ പ്രവീൺ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ധന്യ സുനിലിനെയാണ് തോൽപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന സിപിഐ എമ്മിലെ സുഷമ സന്തോഷ് സർക്കാർ ജോലി ലഭിച്ചതിനെതുടർന്ന് രാജിവച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർത്ഥിയായി മഞ്ജുഷ വിനോദും മത്സരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ 12ലും എൽഡിഎഫ് ആണ് ജയിച്ചിട്ടുള്ളത്.

യുഡിഎഫ് പിടിച്ചെടുത്ത വാർഡുകൾ

എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന് വിജയിച്ചു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡാണിത്.

എറണാകുളം ജില്ലയിലെ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡും യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ടി പി സോമൻ 60 വോട്ടിനാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.

എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ 10ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദീപ്തി പ്രൈജു 79 വോട്ടിനാണ് വിജയിച്ചത്.

യുഡിഎഫ് നിലനിർത്തിയ വാർഡുകൾ

മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി മൈമൂന വിജയിച്ചു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി റസീന സജീമിനെയാണ് 109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി റസീനയും മത്സരിച്ചു. ഇതോടെ പഞ്ചായത്തിലെ കക്ഷിനില പത്ത് വീതമായി.

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ചക്കച്ചന്‍ അബ്ദുള്‍ അസീസ് വിജയിച്ചു.

മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം വാർഡിൽ മുസ്ലിംലീഗിലെ അയ്യപ്പൻ 440 വോട്ടിന് എൽഡിഎഫിലെ സുധിൻ കെ വിയെ പരാജയപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ വേളം പാലോടിക്കുന്ന് വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലിംലീഗിലെ ഇ പി സലിം ഇടതു സ്വതന്ത്രനായ പി പി വിജയനെ പരാജയപ്പെടുത്തി. വോട്ടുനില: ഇ പി സലീം-633, പി പി വിജയന്‍- 591, ബിജെപിയിലെ ആർ കെ ശങ്കറാണ് ആകെ 16 വോട്ടാണ് കിട്ടിയത്.

എറണാകുളം ജില്ലയിലെ പഞ്ചായത്തിലെ മുറവന്‍തുരുത്ത് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് മുസ്ലിംലീഗിന്റെ യു ടി മുര്‍ഷിര്‍ വിജയിച്ചു.

ബിജെപി വിജയിച്ച വാർഡ്

കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ എ എസ് രഞ്ജിത്താണ് വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥി 502 വോട്ടുകൾ നേടി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 402 വോട്ട് കിട്ടിയപ്പോൾ യുഡിഎഫിന് 175 വോട്ടുകൾ മാത്രമാണ് നേടാനായത്.