സ്‌മൃതി ഇറാനിയുടെ ‘ഫ്ലയിങ് കിസ്’ പരാതി; പരിഹസിച്ച് പ്രകാശ് രാജ്

0
130

ന്യൂഡൽഹി: കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ‘ഫ്ലയിങ് കിസ്’ പരാതിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസം​ഗിച്ച് മടങ്ങുമ്പോൾ രാഹുൽ ​ഗാന്ധി ബിജെപി ബെഞ്ചിനു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെതിരെ ബിജെപി വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജിന്റെ പരിഹാസം.

“മാഡം ജിയെ ഫ്ലയിങ് കിസ് വല്ലാതെ നോവിച്ചു. പക്ഷെ, മണിപ്പൂരിലെ സംഭവങ്ങൾ സ്പർശിച്ചിട്ടില്ല ” – #manipurwomen #ManipurVoilence #justasking എന്നീ ഹാഷ്ടാഗുകളോടെ എക്സ് പ്ലാറ്റ്‌ഫോമിൽ പ്രകാശ് രാജ് കുറിച്ചു.

അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനത്തിലാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. തന്റെ പ്രസംഗത്തിൽ മോദിക്കും കേന്ദ്ര സർക്കാരിനെതിരെയും കടുത്ത വിമർശനം നടത്തി പാർലിമെന്റ് വിടുമ്പോൾ ബിജെപി എംപിമാർ കൂവുകയാണുണ്ടായത്. എന്നാൽ രാഹുൽ ഗാന്ധി എല്ലാവരെയും അഭിമുഖീകരിച്ചു കൈവീശി കാണിക്കുകയായിരുന്നു. ഇതിനെതിരെയായിരുന്നു ആരോപണമുയർന്നത്‌.

മണിപ്പുരിലെ കലാപം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നുവെന്ന് വിമർശിച്ചുമാണ് അസമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.