താൻ മാത്രമല്ല സിഎംആര്‍എല്ലിൽ നിന്നും പണം വാങ്ങിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും പണം വാങ്ങിയിട്ടുണ്ട്. എന്നാൽ, തുക എത്രയാണെന്ന് കൃത്യമായി ഓർമയില്ല. വാങ്ങിയ പണം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഉണ്ടെന്നും ചെന്നിത്തല തുറന്നുസമ്മതിച്ചു.
പണം നല്‍കിയതിന് പ്രത്യുപകാരമായി എം ഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തുനല്‍കിയിട്ടില്ല. എന്ത് ഉദ്ദേശം വച്ചാണ് കര്‍ത്ത സംഭാവന ചെയ്തതെന്നും അറിയില്ല. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വി എം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. തങ്ങൾ പണം വാങ്ങിയതെ അഴിമതിയല്ലെന്ന് വാദിച്ച ചെന്നിത്തല വീണയ്ക്ക് പണം നൽകിയത് അഴിമതിയാണെന്ന് കണ്ടെത്തുന്നുണ്ട്.
താനും ഉമ്മൻചാണ്ടിയും പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. കർത്തയെ പോലുളളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശശിധരൻ കർത്ത കൊള്ളക്കാരനല്ലെന്നും പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും സതീശൻ പറഞ്ഞിരുന്നു. പാർട്ടി പണം പിരിക്കാൻ ഏൽപ്പിച്ചവരാണ് അവരെല്ലാം. കെപിസിസി നിർദ്ദേശ പ്രകാരമാണ് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിശ്ചയിച്ചത്. സംഭാവന നൽകാൻ അവരെ അതാത് കാലങ്ങളിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.