ചിരിയോർമകൾ ബാക്കി; ഹിറ്റ്‌മേക്കർ സിദ്ദിഖിന് വിട, ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

0
177

മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ സിദ്ദിഖിന്റെ മൃതദേഹം ഔ​ദ്യോ​ഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയത്. വലിയ ജനാവലി സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.

കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്നലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാല്‍ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, ദിലീപ്, ഫാസില്‍, ലാല്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, കമല്‍, ജയസൂര്യ, സിബി മലയില്‍,ജയറാം, ജയസൂര്യ, ജനാര്‍ദ്ദനന്‍, സായി കുമാര്‍, ബിന്ദു പണിക്കര്‍, നമ്പി നാരായണന്‍, എം കെ സാനു, ജില്ലാ കളക്ടര്‍, അടക്കം സാമൂഹ്യ -സാംസ്‌കാരിക- സിനിമാ രംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിച്ചു.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പിൽക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിം​ഗ്, മാന്നാ‍ർ മത്തായി തുടങ്ങി, ബോക്സ് ഓഫീസിൽ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.