മാസപ്പടി വാർത്ത; മനോരമയുടെയും കോൺഗ്രസിന്റെയും ഗൂഢാലോചന, വാർത്ത തയ്യാറാക്കിയത് ആറുനാൾ മുമ്പ്

0
294

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ മലയാള മനോരമ മാസപ്പടി വാർത്ത തയ്യറാക്കിയതിനുപിന്നിൽ വൻ ഗൂഢാലോചന. വളരെ കൃത്യമായ ആസൂത്രണത്തോടും ലക്ഷ്യത്തോടെയുമാണ് മനോരമ ഈ വാർത്ത ബുധനാഴ്ച പ്രസിദ്ധീകരിച്ചതും പിന്നെ മറ്റു ചില ചാനലുകൾ അത് ഏറ്റെടുത്തതും. ഡൽഹിയിൽ നിന്നും വാർത്ത വന്നതിനുശേഷം കേരളത്തിൽ അത് വലിയ കോലാഹലമാക്കിയെടുക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മാത്യു കുഴൽനാടൻ എംഎൽഎ വാർത്ത വന്നതിനുതൊട്ടുപിന്നാലെ പ്രതികരണവുമായി രംഗത്തുവന്നത്. നേരത്തെ കുഴൽനാടൻ പറഞ്ഞ ആരോപണങ്ങൾ വെറുതെയല്ലെന്നും മാസപ്പടി വാർത്ത അത് തെളിയിക്കുന്നുവെന്നും ഏഷ്യാനെറ്റും മനോരമ ന്യൂസും “സൈഡ് സ്റ്റോറി” കൊടുക്കുകയും ചെയ്തു.

വീണ വിജയനെതിരായ വാർത്ത മനോരമ തയ്യാറാക്കിവെച്ചത് ആറുദിവസം മുമ്പാണ്. വാർത്ത വരുന്നതിനെപ്പറ്റി ഒരു കോൺഗ്രസ് എംപിക്കും വ്യക്തമായ അറിവുണ്ടായിരുന്നു. അന്നുതന്നെ ഈ എംപി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ, നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുതലേന്ന്, അതായത് ആഗസ്ത് ആറിന് വാർത്ത കൊടുപ്പിക്കാനുമായിരുന്നു മനോരമയുടെ ആദ്യപദ്ധതി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശപ്രകാരമായിരുന്നു ഇത്. സഭ സമ്മേളനം തുടങ്ങുന്ന ദിവസം മറ്റു മാധ്യമങ്ങളെക്കൊണ്ടും വാർത്ത കൊടുപ്പിക്കാൻ സതീശൻ നീക്കം നടത്തുകയും ചെയ്തു.

എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ച തന്നെയുണ്ടാകുമെന്ന് മനോരമ ഡൽഹി ബ്യൂറോക്ക് വിവരം ലഭിച്ചതോടെ പ്രഖ്യാപന ദിവസം വാർത്ത നൽകാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുകയും മനോരമ ബുധനാഴ്ചത്തെ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൊടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ ജനം ടിവി അടക്കം എല്ലാവരും ഒരേ രീതിയിൽ വാർത്ത കൊടുക്കുകയും ചെയ്തു. മിക്കവാറും ചാനലുകളുടെ വാർത്തകളെല്ലാം ഏകദേശം ഒരേ സ്ക്രിപ്റ്റ് ആയിരുന്നുതാനും.

വാർത്ത വന്ന് അര മണിക്കൂറിനകം കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ മാധ്യമങ്ങളെ കണ്ട് പ്രതികരിച്ചതും ആസൂത്രിതമായാണ്. വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെടുമെന്നും മനോരമ പിന്നാലെ വാർത്ത കൊടുത്തു. പിന്നാലെ ബാക്കി നേതാക്കളും പ്രതികരണവുമായി വന്നു. കോൺഗ്രസിനൊപ്പം ബിജെപി നേതാക്കളും സമാന പ്രതികരണമാണ് നടത്തിയത്.

ഇതിനുപുറമെ ചിലർ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പ്രതികരണവും എടുത്ത് തള്ളിമറിച്ചു. ഏഷ്യാനെറ്റിന്റെ ചർച്ചയിൽ കോൺഗ്രസിനുവേണ്ടി വാദിക്കുന്ന സ്ഥിരം കലുങ്ക് പരദൂഷണക്കാരനായ മാധ്യമപ്രവർത്തകനും വി ഡി സതീശന്റെ ഓഫീസിലെ ചിലരും കുഴൽനാടനും ഒക്കെ രണ്ടുദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. ഇതിന്റെയൊക്കെ ഭാഗമായിട്ടായിരുന്നു മാസപ്പടി വാർത്ത.

പുതുപ്പള്ളി പ്രചാരണത്തിൽ ഇത് ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് പദ്ധതി. ആന്വൽ മെയിന്റനൻസ് കോൺട്രാക്ടിന് (വാർഷിക പരിപാലന കരാർ) ലഭിക്കുന്ന തുക മാസപ്പടിയോ കൈക്കൂലിയോ ഒന്നുമല്ല എന്ന് മനോരമക്ക് തന്നെ അറിയാമായിരുന്നിട്ടും തെരഞ്ഞെടുപ്പ് അജണ്ടയാക്കി കൊണ്ടുവരികയായിരുന്നു.