86 കോടിയുടെ അനധികൃത ഫണ്ട് കൈപ്പറ്റി; ന്യൂസ് ക്ലിക്കിനെതിരെ ഇഡി; കുറ്റപത്രം ഉടൻ സമർപ്പിക്കും

0
74

ന്യൂഡൽഹി: 86 കോടിയുടെ അനധികൃത വിദേശ ഫണ്ട് കൈപ്പറ്റിയെന്ന കേസിൽ ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി). ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള മാധ്യമങ്ങളുമായി അടുപ്പമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്നും ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്നുള്ള റിപ്പോർട്ടിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത് കേസിൽ ഇഡി ഉടൻ കുറ്റപത്രം സമർപ്പിക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം പുരോ​ഗമിക്കുന്നത്.

ന്യൂസ് ക്ലിക്കിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ഥ പറയുന്നത്. ന്യൂസ് ക്ലിക്ക് ഒരു സ്വതന്ത്ര മാധ്യമ സംഘടനയാണെന്നും തങ്ങൾക്ക് ഇന്ത്യൻ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങൾ നിയമങ്ങൾ പാലിച്ച് മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനു പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാ​ഗ് ഠാക്കൂർ രം​ഗത്തെത്തി. ന്യൂസ് ക്ലിക്ക് ചൈനീസ് പ്രൊപ്പ​ഗണ്ടക്കനുസരിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ആ​ഗോള നെറ്റ്വർക്കാണെന്ന് 2021 മുതൽ തങ്ങൾ ലോകത്തോട് പറയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

2021 സെപ്റ്റംബറിൽ ന്യൂസ് ക്ലിക്കിലും എഡിറ്റർ പ്രബീർ പുർകായസ്ഥയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 2018 മുതൽ 2021 വരെ അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ജസ്റ്റിസ് ആൻഡ് എഡ്യൂക്കേഷൻ ഫണ്ട്’ എന്ന സംഘടനയിൽ നിന്നും ന്യൂസ് ക്ലിക്ക് വിദേശ നിക്ഷേപം സ്വീകരിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്.