അതിഥി പോർട്ടൽ റജിസ്ട്രേഷന് ഇന്ന് തുടക്കം

0
162

സംസ്ഥാനത്തെത്തുന്ന അതിഥിതൊഴിലാളികളെ തൊഴിൽ വകുപ്പിന്റെ കീഴിൽ റജിസ്റ്റർ ചെയ്യിക്കാനുള്ള തീവ്രയജ്ഞവുമായി തൊഴിൽവകുപ്പ്. ഇതിനായുള്ള അതിഥിപോർട്ടൽ വഴിയുള്ള റജിസ്ട്രേഷൻ നടപടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. റജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.

‘‘മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി റജിസ്ട്രേഷൻ സമയബന്ധിതമായി നടപ്പാക്കും. റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്ഡെസ്‌ക്കുകൾ സജ്മാക്കുന്നതും പരിഗണിക്കും’’ ശിവൻകുട്ടി പറഞ്ഞു. തൊഴിൽ വകുപ്പ് ഓഫിസുകളിലും വർക്‌ സൈറ്റുകളിലും ലേബർക്യാംപുകളിലും റജിസ്റ്റർ ചെയ്യുന്നതിനായി സൗകര്യമൊരുക്കും.

അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ റജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിർബന്ധമാക്കും. കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ റജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അതിഥിതൊഴിലാളികൾക്കും, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ റജിസ്റ്റർ ചെയ്യാം. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശങ്ങൾ ലഭിക്കും.

athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ നൽകണം. ഇവർ നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിങ് ഓഫിസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും