അർധരാത്രിയിൽ അരീക്കോട് – മഞ്ചേരി പാതയിൽ ചോര വാർന്ന് കിടന്ന യുവാവിനെ വാരിയെടുത്ത് എംവിഡി ഉദ്യോഗസ്ഥർ

0
118

അരീക്കോട്: കാവനൂരിൽ ബൈക്കപകടത്തെ തുടർന്ന് റോഡിൽ ചോര വാർന്ന് കിടന്ന യുവാവിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് എൻഫോയ്സ്മെന്റ് വിഭാഗം. പുല്ലാര സ്വദേശി പുതുപ്പറമ്പിൽ രജിത്തിനാണ് (25) ഉദ്യോഗസ്ഥർ പുതുജീവൻ നൽകിയത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെ മഞ്ചേരി അരീക്കോട് റോഡിലാണ് സംഭവം.
ഉദ്യോഗസ്ഥർ പതിവ് വാഹന പരിശോധനയ്ക്ക് എത്തിയതിനിടെ ചെങ്ങരയിൽ റോഡിൽ ബൈക്ക് മറിഞ്ഞുകിടക്കുന്ന നിലയിൽ കണ്ടു. അടുത്തേക്ക് എത്തിയപ്പോൾ ബൈക്കിനു സമീപം ചോര വാർന്ന നിലയിൽ യുവാവിനെ കാണുകയായിരുന്നു.

ഉദ്യോഗസ്ഥർ ഉടൻതന്നെ യുവാവിനെ വാഹനത്തിൽ കയറ്റി പ്രാഥമിക ചികിത്സ നൽകി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

അപകടത്തെ തുടർന്ന് വലിയ അളവിൽ രക്തം വാർന്നുപോയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിലെ ദേശീയ – സംസ്ഥാന പാതകളിൽ വാഹന പരിശോധന നടത്തുന്ന മോട്ടോർ വാഹനവകുപ്പ് എൻഫോസ്‌മെന്റ് വിഭാഗം അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ ഷൂജ മാട്ടട, പി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.