ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ സ്വർണം

0
285

ഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്‌ സ്വർണം. വനിതകളുടെ കോമ്പൗണ്ട്‌ ടീം ഇനത്തിലാണ്‌ നേട്ടം. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ്‌ സാമി, പർണീത്‌ കൗർ എന്നിവരാണ്‌ ലക്ഷ്യത്തിലേക്ക്‌ അമ്പ്‌ പായിച്ചത്‌.

ഫൈനലിൽ മെക്‌സിക്കോയെയാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌  .ലോക ചാമ്പ്യൻഷിപ്പിൽ ഇതിനുമുമ്പ്‌ ഇന്ത്യ നേടിയത്‌ ഒമ്പത്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌.

അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ചരിത്ര കുതിപ്പ്. സീനിയർ അമ്പെയ്ത്ത് ലോക ചാമ്പ്യനാവുന്ന പ്രായം കുറഞ്ഞ താരമായി 17കാരി അദിതി ഗോപിചന്ദ് സ്വാമി. അദിതിയിലൂടെ ലോക ചാമ്പ്യൻഷിപ് ചരിത്രത്തിൽ രാജ്യത്തിന്റെ ആദ്യ വ്യക്തിഗത സ്വർണവും പിറന്നു.

വനിത കോംപൗണ്ടിലായിരുന്നു നേട്ടം. ഈയിനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം വെങ്കലവും സ്വന്തമാക്കി. പുരുഷ കോംപൗണ്ടിൽ ഓജസ് ഡിയോടേലും ശനിയാഴ്ച സ്വർണം കൈക്കലാക്കിയതോടെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം നാലായി. കഴിഞ്ഞ ദിവസം ലോക ചാമ്പ്യൻഷിപ് ചരിത്രത്തിലെ രാജ്യത്തിന്റെ ആദ്യ സ്വർണം വനിത കോംപൗണ്ട് ടീം നേടിയിരുന്നു. ഫൈനൽ റൗണ്ടിൽ മെക്സികോയുടെ ആൻഡ്രിയ ബെസേറയെ (147) മറികടന്നാണ് മഹാരാഷ്ട്രക്കാരി അദിതി (149) ചാമ്പ്യനായത്.

പുരുഷ മെഡൽ പോരാട്ടത്തിൽ ഇന്ത്യക്കാരൻ ഓജസ് (150) പോളണ്ടിന്റെ ലൂകാസ് സിബിൽസ്കിയെയും (149) പരാജയപ്പെടുത്തി. മൂന്നു സ്വർണവും ഒരു വെങ്കലവുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് തൊട്ടുപിറകിൽ മൂന്നു മെഡലുകളുമായി ദക്ഷിണ കൊറിയയുണ്ട്. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.