ആദ്യ ടി20യിൽ ഇന്ത്യയെ നാല് റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സിന് അടിയറവ് പറയുകയായിരുന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് 1–0ന് മുന്നിലെത്തി. 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറാണ് പ്ലെയർ ഓഫ് ദ മാച്ച്.
ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിച്ചത്.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴ്‌സ്, ബ്രന്‍ഡന്‍ കിംഗ്, ജോണ്‍സണ്‍ ചാര്‍ളസ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (48), നിക്കോളാസ് പുരാന്‍ (41) എന്നിവരാണ് തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മുകേഷ് കുമാര്‍, തിലക് വര്‍മ എന്നിവരാണ് പുത്തന്‍ താരങ്ങള്‍.
മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ബ്രന്‍ഡന്‍ കിംഗ് (28) എന്നിവരെ ഒരു ഓവറില്‍ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പുരാന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ ജോണ്‍സണ്‍ ചാള്‍സിന്റെ (3) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി.
പിന്നീട് പൂരാന്‍ – പവല്‍ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാനെ മടക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഷിംറോണ്‍ ഹെറ്റ്‌മെയറിന് തിളങ്ങാനായതുമില്ല. പവലിനെ അര്‍ഷ്ദീപും തിരിച്ചയച്ചു. റൊമാരിയോ ഷെഫേര്‍ഡ് (4), ജേസണ്‍ ഹോള്‍ഡര്‍ (6) പുറത്താവാതെ നിന്നു. ഹാര്‍ദിക്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 10 റൺസായിരുന്നു. റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ ഓവറിൽ വഴങ്ങിയത് അഞ്ച് റൺസ് മാത്രം, 2 വിക്കറ്റും വീണു.
തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഇഷാൻ കിഷനെയും (9 പന്തിൽ 6), ശുഭ്മൻ ഗില്ലിനെയും (9 പന്തിൽ 3) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീടങ്ങോട്ട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സെടുത്ത അരങ്ങേറ്റക്കാരൻ തിലക് വർമയ്ക്കു മാത്രമാണ് വിൻഡീസ് ബൗളർമാരെ അനായാസം നേരിടാനായത്. 21 പന്തിൽ 21 റൺസെടുത്ത സൂര്യകുമാർ യാദവും, 19 പന്തിൽ 19 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പതിവ് ഫോമിലേക്കുയർന്നില്ല.
16ാം ഓവറിൽ സഞ്ജു സാംസണിനെ (12 പന്തിൽ 12) മെയേഴ്‌സ് റൺഔട്ട് ആക്കി വിൻഡീസിന് ബ്രേക്ക്ത്രൂ നൽകി. 11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ വിജയത്തിലെത്തിക്കും എന്ന് തോന്നിച്ചെങ്കിലും 19-ാം ഓവറില്‍ പുറത്തായി. ആറ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത അര്‍ഷ്ദീപ് സിങ്ങിൻ്റെ വാലറ്റ പ്രകടനവും വിജയത്തിനു പര്യാപ്തമായില്ല.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. 32 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ റോവ്മാൻ പവലാണ് ടോപ് സ്കോറർ. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്കും കുൽദീപ് യാദവിനും ഓരോ വിക്കറ്റ്. മുകേഷ് കുമാറും മത്സരത്തിൽ ഇന്ത്യക്കായി ട്വന്റി20 അരങ്ങേറ്റം കുറിച്ചെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.