ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രസംഗിച്ചതിന് റിപ്പോർട്ടർ അഞ്ജുരാജിന്റെ പരാതി; ജെയ്ക്ക് സി തോമസിനെതിരെ കേസ്

0
189

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരയാക്കി വ്യാജവാർത്ത ചിത്രീകരിച്ച നടപടി തുറന്നുകാട്ടി ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രസംഗിച്ചതിന് ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശപ്രകാരം ചാലക്കുടി പൊലീസാണ് കേസെടുത്തത്. അഞ്ചുമാസം മുമ്പ് ജനകീയ പ്രതിരോധ ജാഥയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എം എസ് ഷൈനിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ മാര്‍ച്ച് ആറിനായിരുന്നു ചാലക്കുടിയില്‍ വെച്ച് ജെയ്ക് സി തോമസ് ഏഷ്യാനെറ്റിനെതിരെ പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ ചാലക്കുടി പൊലീസിനും തൃശൂര്‍ റൂറല്‍ എസ്പിയ്ക്കും ചീഫ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമെന്ന് പറഞ്ഞായിരുന്നു അഞ്ജുരാജിന്റെ പരാതി. സമൂഹ മാധ്യങ്ങള്‍ വഴിയും പ്രസംഗം പ്രചരിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടർ പരാതിയിൽ പറഞ്ഞിരുന്നു.

കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ഇരയാക്കി വ്യാജവാർത്ത ചിത്രീകരിച്ച സംഭവത്തിൽ ഏഷ്യാനെറ്റിനെതിരെ സംസ്ഥാനമൊട്ടുക്ക് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏഷ്യാനെറ്റിന്റെ ഈ നടപടിക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ബാനർ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പ്രസംഗം.

എന്നാൽ, ഏഷ്യാനെറ്റ് ന്യൂസിനെയും ജീവനക്കാരെയും ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്ന തരത്തിലാണ് ജെയ്ക്ക് പ്രസംഗിച്ചതെന്ന് ‘ബോധ്യപ്പെട്ട’ റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് പരാതി കൊടുത്തു. പരാതി കൊടുത്തിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് കാട്ടി അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചു. തുടർന്ന് ചാലക്കുടി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു.