“നെറ്റിയിലെ പൊട്ട് വിശ്വാസം, മൂക്കിലെ കണ്ണട ശാസ്ത്രം”; സുകുമാരൻ നായരെ പരിഹസിച്ച് പി ജയരാജൻ

0
94

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പരിഹസിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സുകുമാരൻ നായരുടെ നെറ്റിയിലെ പൊട്ട് വിശ്വാസവും മൂക്കിലെ കണ്ണട ശാസ്ത്രത്തിന്റെ ഭാഗവും ആണ്.
സങ്കൽപ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരൻ നായർ കഴിഞ്ഞ ദിവസം സ്പീക്കർ ഷംസീറിനെ വല്ലാത്ത രീതിയിൽ ചിത്രീകരിച്ചും സിപിഐ എം നേതാവും മുൻമന്ത്രിയുമായ എ കെ ബാലനെ ഇകഴ്ത്തിയും പ്രയോഗം നടത്തി. വിശ്വാസമാണ് ശാസ്ത്രത്തേക്കാൾ വലുതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ആ സമയത്ത് സുകുമാരൻ നായരുടെ മുഖമാണ് ശ്രദ്ധിച്ചത്. സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ ഒരു കണ്ണട ധരിച്ചിട്ടുണ്ട്. അത് ശാസ്ത്രമാണ്. ശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമാണത്. സുകുമാരൻ നായർ മൈക്കിൽ പ്രസംഗിക്കുന്നു. മൈക്ക് ശാസ്ത്രപുരോഗതിയുടെ ഭാഗമാണ്. ​ഗണപതി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണത്തിൽ പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കിൽ വിശ്വാസത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് മോദിയാണെന്നും പി ജയരാജൻ പറഞ്ഞു.
വിഷയത്തിൽ സിപിഐ എം പറഞ്ഞതൊന്നും തിരുത്തിയിട്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ലെന്നും ഒരു സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പ്രതികരിച്ചു.