തൃശൂർ വിവാദവും ഹലാൽ കുഴപ്പവും “കോംപ്ലിമെന്റാക്കി”, സന്ദീപ് വാര്യരെ വീണ്ടും സംസ്ഥാന കമ്മിറ്റിയിലെടുത്ത് ബിജെപി

0
158

കഴിഞ്ഞവർഷം ഒക്ടോബറിൽ ബിജെപി വക്താവ് സ്ഥാനത്തുനിന്നും തെറിച്ച സന്ദീപ് വാര്യരെ വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി ബിജെപി. വ്യാഴാഴ്ച വൈകിട്ട് സംസ്ഥാന ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സന്ദീപ് വാര്യർക്ക് പുറമെ പി ആര്‍ ശിവശങ്കറിനെയും സംസ്ഥാന സമിതിയിലേക്ക് എടുത്തിട്ടുണ്ട്. പി ആർ ശിവശങ്കറും നേരത്തെ സംസ്ഥാന വക്താവായിരുന്നു. അതേസമയം, ഇരുവരെയും സംസ്ഥാന വക്താവ് സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുമോയെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ വർഷമാണ് സന്ദീപ് വാര്യരെ പൊടുന്നനെ സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നും തെറിപ്പിച്ചത്. സംഘടനാപരമായ നടപടിയാണെന്നും എന്താണ് കാരണമെന്ന് പുറത്തുപറയേണ്ട കാര്യമില്ലെന്നുമാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അന്ന് പറഞ്ഞത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനുപുറമെ സന്ദീപിനെതിരെ ഉണ്ടായ തൃശൂർ വിവാദവും തുടർന്നുള്ള ആരോപണങ്ങളും ബിജെപിയെ ആകെ പ്രതിസന്ധിയിലാക്കി. പിന്നാലെ, സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്നത്തെ കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ വസതിയിലെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതും കൂടിയായതോടെ ബിജെപി ആകെ പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ഉടലെടുത്ത ഹലാൽ വിവാദവും സന്ദീപിനെ സ്ഥാനത്തുനിന്നും നീക്കാൻ കാരണമായി.

ഹലാൽ വിഷയത്തിൽ കെ സുരേന്ദ്രനും സന്ദീപും രണ്ടു തട്ടിലായിരുന്നു. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നത് നിസാര കാര്യമല്ലെന്നും പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. വികാരമല്ല വിവേകമാണ് ഇത്തരം വിവാദങ്ങളിൽ നയിക്കേണ്ടതെന്നായിരുന്നു സന്ദീപിന്റെ മറുപടി. ഹിന്ദുവിനും മുസ്ലീമിനും പരസ്പരം ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല. സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതിയാകും പക്ഷെ സ്ഥാപനം തകർന്നാൽ പട്ടിണിയിലാകുന്നത് അനേകം പേരാണ് എന്നിങ്ങനെയായിരുന്നു സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. ഹലാൽ വിവാദം സംസ്ഥാന ബിജെപി കത്തിച്ചുവരുന്നതിനിടെ സന്ദീപ് വാര്യരുടെ പോസ്റ്റ് കൂടി വന്നതോടെ ബിജെപി ആകെ വെട്ടിലായി. വി മുരളീധരനും കെ സുരേന്ദ്രനും ചേർന്ന് സന്ദീപിനെ അന്ന് താക്കീത് ചെയ്‌തു. പിന്നാലെ സന്ദീപ് പോസ്റ്റ് പിൻവലിച്ചുവെങ്കിലും ചാനൽ ചർച്ചകളിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. ഇതിനൊപ്പം ഗൗരവമേറിയ പരാതികൾ ഉയർന്നുവന്നതോടെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി.

ചാനൽ ചർച്ചകളിൽ ബിജെപി മുഖമായിരുന്ന പി ആർ ശിവശങ്കറിനെ നീക്കിയതും മുന്നറിയിപ്പൊന്നും ഇല്ലാതെയായിരുന്നു. നടപടിയിൽ ശിവശങ്കർ ഏറെ അസ്വസ്ഥനുമായിരുന്നു. ഇതേതുടർന്ന് മാസങ്ങളായി പാർട്ടി നേതൃത്വത്തിൽനിന്നും അകന്നുനിൽക്കുകയായിരുന്നു ശിവശങ്കർ. ശിവശങ്കറിനെതിരെ പരാതിയോ ആരോപണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കെ സുരേന്ദ്രന് അനഭിമതൻ എന്നതിന്റെ പേരിലാണ് സ്ഥാനത്തുനിന്നും നീക്കാൻ കാരണമെന്ന് വലിയ വിഭാഗം പ്രവർത്തകരും പറയുന്നു.