പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അതിക്രൂരമായി പീഡിപ്പിച്ചു; പൂവാറിൽ മുൻ സൈനികൻ അറസ്‌റ്റിൽ

0
107

തിരുവനന്തപുരം പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞദിവസമാണ് പൂവാറിലെ ഒരു സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുവന്നത്. വനിതാശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്. സഹോദരിമാരിൽ മൂത്ത പെൺകുട്ടിയാണ് കൗൺസിലിങ്ങിനിടെ പീഡന വിവരം പറഞ്ഞത്. പിന്നീട് സംശയം തോന്നിയ കൗൺസിലർ ഇളയ കുട്ടിയെയും വിളിച്ച് വരുത്തി ചോദിച്ചറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ക്രൂര ലൈംഗിക പീഡനമാണ് ഇളയ പെൺകുട്ടി നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്.

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്തായിരുന്നു പീഡനം. വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്ന കുടുംബത്തെ മുന്‍ സൈനികന്‍ പലപ്പോഴായി പണം നല്‍കി സഹായിച്ചിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇയാളുടെ പീഡനമെന്നും പെണ്‍കുട്ടികള്‍ പറയുന്നു. മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.