നേഴ്സിന്റെ വേഷം ധരിച്ചെത്തി പ്രസവിച്ചു കിടക്കുന്ന യുവതിയെ മരുന്ന് കുത്തിവെച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

0
136

പ്രസവശേഷം ചികിത്സയിൽ കഴിയുന്ന യുവതിയെ ആശുപത്രിക്കുള്ളിൽ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ. പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയെയാണ് നേഴ്സിന്റെ വേഷം ധരിച്ചെത്തിയ മറ്റൊരു യുവതി മരുന്ന് കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ കായംകുളം സ്വദേശിനി അനുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുമലയിലെ ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിൽ കഴിയുന്ന സ്നേഹയെയാണ് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. നേഴ്സിന്റെ വേഷത്തിലെത്തിയ അനുഷ ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതി. സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സ്നേഹയുടെ ഭർത്താവിന്റെ പെൺസുഹൃത്താണ് അനുഷയെന്നാണ് പൊലീസ് പറയുന്നത്. നാല് ദിവസം മുമ്പാണ് സ്നേഹയെ പ്രസവ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിടിയിലായ അനുഷ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയതാണ്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് അനുഷ ആശുപത്രി മുറിക്കുള്ളില്‍ കയറിക്കൂടിയത്. തുടര്‍ന്ന് ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.