Friday
9 January 2026
30.8 C
Kerala
HomeKerala15 കാരി പറഞ്ഞത് പച്ചക്കള്ളം; ഒമ്നി വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി ഇല്ലാക്കഥ

15 കാരി പറഞ്ഞത് പച്ചക്കള്ളം; ഒമ്നി വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി ഇല്ലാക്കഥ

കണ്ണൂർ കക്കാട് ഒമ്നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പതിനഞ്ചുകാരിയുടെ ഇല്ലാക്കഥ. ഇടറോഡിൽ വച്ച് വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ കുട്ടി വെറുതെ പറഞ്ഞതാണെന്ന് വ്യക്തമായി. സംഭവമറിഞ്ഞ് മേയറുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.

കക്കാട് നിന്ന് പളളിക്കുന്നിലേക്കുള്ള ഇടറോഡിലൂടെ സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ കഥ. പ്രധാന റോഡിലേക്ക് കയറുന്നതിന് മുമ്പ് ഒരു ഒമ്നി വാൻ തന്‍റെ അടുത്തെത്തി നിർത്തി ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്. പട്ടാപ്പകൽ പ്രധാന നിരത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വിവരം നാടാകെ പടർന്നു. പൊലീസ് സ്ഥലത്തെത്തി. സിസിടിവിയിൽ പ്രധാന റോഡിലൂടെ ഒരു ഒമ്നി വാൻ കടന്നുപോകുന്നത് കണ്ടു. എന്നാൽ ഇടറോഡിലേക്ക് കയറുന്ന ദൃശ്യങ്ങൾ കിട്ടിയില്ല. വിവരമറിഞ്ഞ് മേയറുൾപ്പെടെ സ്ഥലത്തെത്തി. കക്കാട്, പുഴാതി പ്രദേശങ്ങളിൽ സമാന സംഭവങ്ങളുണ്ടായെന്നും നടപടിയില്ലെന്നും ആരോപണം ഉയര്‍ന്നു.

കുട്ടികളെ കാണാതായ സമാന സംഭവങ്ങൾ, സംശയാസ്പദ സാഹചര്യത്തിൽ വാഹനങ്ങൾ കണ്ടെന്ന വിവരങ്ങൾ എല്ലാം ചര്‍ച്ചയായി. പതിനഞ്ചുകാരിയുടെ മൊഴിയിൽ പൊലീസ് വിശദ പരിശോധന നടത്തി. എന്നാൽ പരാതി സാധൂകരിക്കുന്ന തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. സിസിടിവിയിൽ കണ്ട ഒമ്നി വാൻ ഒരു സ്കൂളിലേതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, ഇടറോഡിലേക്ക് അത് കയറിയിട്ടില്ല. വീണ്ടും മൊഴിയെടുത്തപ്പോൾ വെറുതെ പറഞ്ഞതാണെന്ന് പെൺകുട്ടി സമ്മതിക്കുകയായിരുന്നു. കുട്ടി മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments