ഓപ്പറേഷന്‍ ഫോസ്‌കോസ്: മൂന്ന് ദിവസം കൊണ്ട് 10,545 ലൈസന്‍സ് പരിശോധന

0
212

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഇന്ന് നാല് ജില്ലകളിലായി 1357 പരിശോധനകള്‍ ആണ് നടത്തിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്‌കോഡുകള്‍ പ്രവര്‍ത്തിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിച്ച 187 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് വേണ്ടി നോട്ടീസ് നല്‍കി. 389 സ്ഥാപനങ്ങളെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ നിയമപരമായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ലൈസന്‍സ് രജിസ്‌ട്രേഷന്‍ പരിശോധന തുടരുന്നതിനാല്‍ ലൈസന്‍സ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തരമായി ലൈസന്‍സ് കരസ്ഥമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഭക്ഷണ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വളരെ ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായി അനുമതിയുണ്ട്. എന്നാല്‍ രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത നിരവധി സ്ഥാപനങ്ങളുണ്ട് എന്നത് ആശങ്കകരമായ കാര്യമാണ്. ഭക്ഷണം വില്‍പ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായതിനാല്‍ ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ഏതെങ്കിലും ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല, ഓണ്‍ലൈനായി കമ്പ്യൂട്ടറിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ പോലും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതും ഇത്തരം അപേക്ഷകള്‍ എല്ലാം തന്നെ സമയബന്ധിതമായി ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന അപേക്ഷകര്‍ foscos.fssai.gov.in വെബ് സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.