ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ല; ചില കേന്ദ്രങ്ങളുടെ വിദ്വേഷ ക്യാമ്പയിൻ ദൗർഭാഗ്യകരം, വിവാദത്തില്‍ പ്രതികരിച്ച് ഷംസീര്‍

0
70

തിരുവനന്തപുരം: താൻ ഒരു മതവിശ്വാസിയെയും വേദനിപ്പിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ആളാണെന്നും സ്പീക്കർ എ എൻ ഷംസീർ. ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ലെന്നും ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശം. പലരും നടത്തിയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല. എന്നാൽ,തന്റെ പരാമർശത്തെ  ചില കേന്ദ്രങ്ങൾ ദുർവ്യാഖ്യാനം ചെയ്തു. കുറച്ചു വിശ്വാസികൾ അതിൽ വീണു. ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലർത്തേണ്ടതില്ല. ആരാണ് കൂട്ടിക്കലർത്തുന്നതെന്നത് വ്യക്തമല്ലേ. താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ആളാണ് താന്‍. തന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ തന്റെ പരാമർശത്തെ മറയാക്കി ഇവിടെ വിദ്വേഷ ക്യാമ്പയിൻ നടക്കുന്നുണ്ട്. അത് ദൗർഭാഗ്യകരമാണ്. മതവിശ്വാസികള്‍ തന്റെ കൂടെയാണ്. പലരും തന്നെ പിന്തുണച്ചു. പറഞ്ഞത് ശാസ്ത്രമാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് അതിനെ വേട്ടയാടി.

എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്. അനാവശ്യ പ്രചരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറണം.എൻഎസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ശാസ്ത്രബോധം വളര്‍ത്തണമെന്ന ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്. എയര്‍ ഡ്രോപ്പ് ചെയ്തയാളല്ല. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയും യുവജന സംഘടനാ രംഗത്തിലൂടെയും പൊതു രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഞാന്‍. സുകുമാരന്‍ നായര്‍ക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ട്. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഷംസീർ പറഞ്ഞു.