മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി: എം വി ഗോവിന്ദന്‍

0
136

സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തിൽ മാപ്പു പറയാനോ തിരുത്തലിനോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശ്വാസികളെയും അവിശ്വാസികളെയും സമൂഹത്തിന്റെ ഭാഗമായി കാണുന്ന കാഴ്ചപ്പാടാണ് സിപിഐ എമ്മിനുള്ളത്. ഏതെങ്കിലും മതത്തിനോ മത വിശ്വാസികള്‍ക്കോ എതിരായ പാർട്ടിയുമല്ല. എന്നാൽ, ചിലി നേട്ടങ്ങൾക്കായി സ്‌പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇതനുവദിക്കാൻ സാധിക്കില്ല. എ എൻ ഷംസീർ മാപ്പ് പറയുകയോ തിരുത്തിപറയുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ എം മത വിശ്വാസികള്‍ക്ക് എതിരായ പാര്‍ട്ടിയാണെന്ന പ്രചാരണം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. പാർട്ടി കേവല ഭൗതികവാദികളല്ല. ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകാനാകില്ല. ശാസ്ത്രീയമായി എന്തെങ്കിലും പറഞ്ഞു പോയാല്‍ അതിനുമേലെ രാഷ്ട്രീയമായി പ്രതികരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത അനിവാര്യമാണിപ്പോൾ. പരശുരാമൻ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്മണർക്ക് നൽകി എന്നു പറയുന്നു. ബ്രാഹ്മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലിൽ കുതിര കയറരുതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹറുവിന്റെ പുസ്തകങ്ങൾ വായിക്കണം. ചരിത്രത്തെ കാവി വത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോയെന്നും അദ്ദേഹം ചോദിച്ചു. ഗണപതി ക്ഷേത്രത്തിലെ വഴിപാടിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയോ എന്ന് പരിശോധിക്കണം. സയന്‍സ് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് ശരിയല്ല. മിത്തിനെ മിത്തായി കാണാന്‍ കഴിയണം. തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞുകൊണ്ട് കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാമെന്നൊന്നും ഇന്ന് നടക്കില്ല.

വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ഉള്ളത് ഞങ്ങളുടെ കൂടെയാണ്. ഷംസീര്‍ എന്ന പേരാണ് പ്രശ്‌നം എന്നല്ലേ മനസിലാക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.