ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കർമ്മ ന്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

0
185

തിരുവനന്തപുരം: സ്ഥാപനത്തിനെതിരെയുള്ള അപകീർത്തിപരമായ വാർത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാൻ തിരുവനന്തപുരത്ത യാന മദർ ആൻഡ്‌ ചൈൽഡ് ആശുപത്രി ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട കേസിൽ ഓൺലൈൻ സ്ഥാപനം കർമ്മന്യൂസിന്റെ മുൻകൂർജാമ്യ ഹർജി തള്ളി. കർമ്മന്യൂസ് സ്റ്റാഫ് മാനേജർ സിജു കെ രാജന്റെ ജാമ്യ ഹർജിയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണു തള്ളിയത്.

വാർത്ത നൽകാതിരിക്കാൻ കർമ്മ ന്യൂസ് പ്രതിനിധികൾ ആശുപത്രിയുടെ ഉള്ളൂർ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്നും പണം നൽകാത്തതിനെ തുടർന്ന് ആശുപത്രിയുടെ ഈഞ്ചയ്‌ക്കൽ ശാഖയുടെ മുന്നിൽ ചിത്രീകരണം നടത്തി ഐവിഎഫ് ചികിത്സയ്ക്ക് എതിരായി അപകീർത്തികരമായ വാർത്ത സംപ്രേക്ഷണം ചെയ്തു എന്നുമാണ്‌ ഫോർട്ട്‌ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങളുടെ പേരിൽ ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾ നടത്തുന്ന കച്ചവടം പ്രോത്സാഹിപ്പിക്കാതിരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി എം സലാഹുദ്ദീൻ ഹാജരായി.