ബിനാമി ഇടപാടുകള്‍ ; കനത്ത പിഴ ശിക്ഷയുമായി ഒമാന്‍

0
279

രഹസ്യ വ്യാപാരത്തിനെതിരെ കനത്ത പിഴ ഉള്‍പ്പെടെ ശിക്ഷയുമായി ഒമാന്‍. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ (30 ലക്ഷത്തിന് മുകളില്‍) വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് പുതിയ മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്. വാണിജ്യം, വ്യവസായം, തൊഴില്‍പരം, കരകൗശലം, വിനോദസഞ്ചാരം, മറ്റ് സാമ്പത്തിക പ്രവര്‍ത്തനം അടക്കമുള്ളവ നിയമവിരുദ്ധമായി ചെയ്താല്‍ ഇതിന്റെ പരിധിയില്‍ പെടും. രഹസ്യ വ്യാപാരം നടത്തുന്നയാളെ നിയമപ്രകാരം മറഞ്ഞിരിക്കുന്ന വ്യക്തിയായാണ് കണക്കാക്കുക. രഹസ്യ വ്യാപാരം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും കേസുകള്‍ കുറക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പരസ്യവും മറ്റും നടത്തും.

സ്ഥാപനത്തിന്റെ വരുമാനം, ലാഭം, കരാറുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കല്ലാതെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റുന്നത് സ്വകാര്യ വ്യാപാരത്തിന്റെ പരിധിയില്‍ വരും. സ്ഥാപനത്തിന്റെ ഉടമ അല്ലാതെ ആരെങ്കിലും സ്വകാര്യ അക്കൗണ്ടില്‍ വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതോ സ്വത്തുക്കളോ പണമോ കൈമാറുന്നതോ ബിനാമി ഇടപാടുകളുടെ ഗണത്തില്‍ പെടുന്നതാണ്. സ്ഥാപനം സ്ഥാപിക്കുന്ന സമയത്തെ രേഖകള്‍, ലൈസന്‍സ് നേടാനുള്ള അപേക്ഷ, സ്ഥാപനത്തിന്റെ അക്കൗണ്ട് എന്നിവയില്‍ തെറ്റായ വിവരമോ കണക്കോ സമര്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പ്രവാസികള്‍ക്ക് നല്‍കുന്ന സ്ഥാപന ഉടമയുടെ സമ്മതവും രഹസ്യ വ്യാപാരത്തില്‍പെടുന്നു.

നിയമലംഘനം പിടിക്കപ്പെട്ടാല്‍ മന്ത്രാലയം ശിക്ഷാനടപടികള്‍ സ്വീകരിക്കും. വാണിജ്യ റജിസ്റ്ററില്‍ നിന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റദ്ദാക്കുക, 5000 റിയാല്‍ പിഴ, വീണ്ടും നിയമ ലംഘനം നടത്തിയാല്‍ പതിനയിരം റിയാല്‍ പിഴയും മൂന്ന് മാസത്തേക്ക് പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്യലും, മൂന്നാം തവണ നിയമലംഘനം നടത്തിയാല്‍ 15000 റിയാല്‍ പിഴയും വാണിജ്യ റജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യലും, ഇതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമല്ലാതെ വീണ്ടും റജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും മന്ത്രാലയം ഉത്തരവില്‍ പറയുന്നു.