ഉയർത്തിയ ആക്ഷേപങ്ങൾ തിരിഞ്ഞുകൊത്തി; തൊപ്പി തെറിക്കുമെന്നുറപ്പായി, പേടിച്ചുവിറച്ച് ഐ ജി ലക്ഷ്മണ ഹർജി പിൻ‌വലിക്കുന്നു

0
107

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തികച്ചും രാഷ്ട്രീയലക്ഷ്യം വെച്ചുള്ള ഹർജിയിലെ പരാമർശങ്ങൾ ഐജി ജി ലക്ഷ്മണ പിന്‍വലിക്കും. പരാമർശങ്ങൾ തിരിഞ്ഞുകൊത്തും എന്നുറപ്പായതോടെ പേടിച്ചരണ്ട ലക്ഷ്മണ ഹർജി പിൻവലിക്കാൻ തീരുമാനിച്ചുവെന്നാണ് സൂചന. മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉയർത്തിയ അതീവ ഗൗരവതരമായ ആക്ഷേപങ്ങളുടെ തെളിവുകൾ ഐ ജി കോടതിയിൽ ഹാജരാക്കേണ്ടിവരും. മുതിർന്ന പൊലീസുദ്യോഗസ്ഥൻ എന്ന നിലയിൽ അതിനു ലക്ഷ്മണക്ക് ഉത്തരവാദിത്തവുമുണ്ട്.

ചില രാഷ്ട്രീയകേന്ദ്രങ്ങളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ലക്ഷ്മണ ഇത്തരമൊരു വ്യാജ ആക്ഷേപം ഉയർത്തിയത് എന്ന് കോടതിയിൽ തെളിയുന്നതോടെ തൊപ്പി തെറിക്കുമെന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ അഴിയെണ്ണേണ്ടിയും വരും. ഇതോടെയാണ് ഹർജിയിലെ പരാമർശങ്ങൾ പിൻവലിച്ച് പുതിയ ഹർജി സമർപ്പിക്കാൻ ഐ ജി ജി ലക്ഷ്മണ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തന്റെ അഭിഭാഷകനുമായി ലക്ഷ്മണ തിങ്കളാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.

അഭിഭാഷകൻ തയ്യാറാക്കി നൽകിയ ഹർജിയായിരുന്നു എന്നാണ് ലക്ഷമണയുമായി അടുപ്പമുള്ളവർ പറയുന്നത്. ചികിത്സയിലായതിനാൽ വിശദാംശങ്ങൾ അറിഞ്ഞില്ലെന്നാണ് വിശദീകരണം. ആക്ഷേപങ്ങൾ തെളിയിക്കാനായില്ലെങ്കിൽ ലക്ഷ്മണയ്ക്ക് നടപടി നേരിടേണ്ടിവരും എന്നുറപ്പാണ്. ഈ സാഹചര്യത്തിൽ നടപടി ഭയന്ന് തലയൂരാനുള്ള ശ്രമമാണ് ഹർജി പിൻവലിച്ചതിന് പിറകിലെന്നും വിവരമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആക്ഷേപമാണ് ഐ ജി ലക്ഷ്മണ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നു എന്നുവരെ ലക്ഷ്മണ വെച്ചുകാച്ചി. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും വരെ ഹർജിയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കരിവാരിത്തേയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നൽകിയ ഹർജിയിൽ തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റാരോപണങ്ങളെക്കുറിച്ച്‌ ലക്ഷ്മണ മിണ്ടുന്നില്ല. ഇത്‌ പരോക്ഷമായ കുറ്റസമ്മതാണ്‌.

തട്ടിപ്പുവീരൻ മോൺസൺ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ലക്ഷ്മണക്കെതിരെ കൂടുതൽ തെളിവുകൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ലക്ഷ്മണ മോൺസൺ മാവുങ്കാൽ തട്ടിപ്പ് കേസിൽ പ്രതിയായത്‌. മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു.

ഇരുവരും മോൻസൺ മാവുങ്കലുമായി അടുത്തബന്ധം പുലർത്തിയിരുന്നുവെന്നും പരാതിക്കാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. തട്ടിപ്പിനിരയായ ആന്ധ്ര സ്വദേശിനിയെ മോൻസണ്‌ പരിചയപ്പെടുത്തി കൊടുത്തതാണെന്ന കണ്ടെത്തലിനെത്തുടർന്ന്‌ ലക്ഷ്‌മണിനെ 2021 നവംബറിലാണ്‌ ട്രാഫിക്‌ ഐജി പദവിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഒരുവർഷവും രണ്ടുമാസവും സസ്‌പെൻഷൻതന്നെ തുടർന്നു. ഇതിനിടയിൽ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ സസ്‌പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തു. കേന്ദ്ര സർവീസ്‌ ചട്ടങ്ങൾ പാലിക്കാനായി വകുപ്പുതല നടപടി തുടരുമെന്ന വ്യവസ്ഥയിൽ സർവീസിലേക്ക്‌ തിരിച്ചെടുത്തെങ്കിലും ഉത്തരവാദിത്വമൊന്നും നൽകിയിരുന്നില്ല.

മോൻസൺ മാവുങ്കലിനൊപ്പം ലക്ഷ്മണ നിൽക്കുന്ന നിരവധി ചിത്രങ്ങൾ ലഭിച്ചിരുന്നു. മോൻസണുമായി ഐജി നടത്തിയ ഫോൺവിളി, ടവർ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്‌. കേസിലെ രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, നാലാംപ്രതി മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ജി ലക്ഷ്മണ എന്നിവർ നൽകിയ ഉറപ്പിലാണ്‌ പരാതിക്കാർ മോൻസണ്‌ വൻതുക കൈമാറിയതെന്ന്‌ ക്രൈംബ്രാഞ്ച്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. തട്ടിപ്പുകേസിൽ സസ്‌പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീട്‌ സർവീസിൽ തിരിച്ചെടുത്തു. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിയെ മോൻസണ് പരിചയപ്പെടുത്തിയത് ഐജിയാണെന്ന് കണ്ടെത്തിയിരുന്നു. ഐജി ഇടനിലക്കാരനായതായും സംശയിക്കുന്നു.

മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പുകേസിൽ ഐ ജിയെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. എന്നാൽ, അറസ്റ്റ് ഭയന്ന് ഹാജരായില്ല. ആരോഗ്യകാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു ലക്ഷ്മണ അറിയിച്ചത്. കഴിഞ്ഞ ദിവസം ജസ്റ്റിസ് രാജ വിജയരാഘവന്‍ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാടു തേടി, പിന്നീട് പരിഗണിക്കാന്‍ മാറ്റിയിരുന്നു. ഇതിനിടയിലാണ് പരാമർശങ്ങൾ നീക്കാൻ ഐ ജി ലക്ഷ്മണ രംഗത്തുവന്നത്.