നടൻ സുരാജ് വെഞ്ഞാറമൂടിന് വധഭീഷണിയും അസഭ്യവർഷവും; സംഘപരിവാർ സൈബർ ആക്രമണത്തിന് തുടക്കമിട്ടത് ബിജെപിക്കാരനായ നടൻ കൃഷ്ണകുമാർ

0
148

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം. “ആലുവയിൽ നടന്ന കൊലപാതകത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല” എന്ന് ചോദിച്ചാണ് സൈബർ ആക്രമണം. ഇതിനുപിന്നാലെ, ഫോൺ വിളിച്ചും വാട്സാപ്പിലൂടെയും വധഭീഷണി അടക്കം ഉയർത്തുന്നുവെന്ന് കാക്കനാട് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി തന്റെ ഫോണിലേക്ക് വാട്സ്ആപ് കോൾ വഴിയും അജ്ഞാത നമ്പറുകളിൽ നിന്നും കൊലവിളിയും അസഭ്യവർഷവും നടത്തുന്നു എന്നും പരാതിയിലുണ്ട്.

സംഘപരിവാർ പ്രൊഫൈലിൽ നിന്നാണ് നടനെതിരെ സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. മണിപ്പൂരിൽ യുവതികൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ മുമ്പ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് സൈബർ പൊലീസിന് പരാതി നൽകി. നടന്റെ പരാതിയിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.

ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബർ ആക്രമണം നടന്നത് എന്നാണ് നടന്‍ പറയുന്നത്. മണിപ്പൂർ സംഭവത്തിൽ സുരാജ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. എന്നാല്‍ ആലുവ സംഭവത്തില്‍ വിഷയത്തിൽ നടൻ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത് എന്ന് പരാതിയില്‍ പറയുന്നു. മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് സുരാജ് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. അപമാനത്താൽ തലകുനിഞ്ഞ് പോകുന്നുവെന്നും നീതി ലഭിക്കാൻ ഒട്ടും വൈകരുതെന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

സംഘപരിവാർ നേതാവ് പ്രതീഷ് വിശ്വനാഥ് അടക്കമുള്ളവരാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. ബിജെപിക്കാരനായ നടൻ കൃഷ്ണകുമാറാണ് സൂരജിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ആദ്യം രംഗത്തുവന്നത്. “തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ല. ഒന്നുരണ്ടാഴ്ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല”- എന്നായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്.

ഇതിനുപിന്നാലെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും കൂട്ടത്തോടെ ആക്രമണം തുടങ്ങിയത്. “സുരാജിന്റെ തല കുഞ്ഞിയാൽ അറിയിക്കണേ” എന്നൊക്കെ പറഞ്ഞാണ് ആക്രമണം.

അതിനിടെ, ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ എം പദ്മകുമാർ രംഗത്തുവന്നു. മാപ്പ് മകളേ…നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണന്നും അല്ലാതെ നമ്മളല്ലെന്നും പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആര് ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നും അദ്ദേഹം പറഞ്ഞു.

‘വീട്ടിലും ഓഫീസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലിൽ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികൾക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂർ മുമ്പെങ്കിലും ആലുവ മാർക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാർത്തകൾ അടിച്ച് വിടുന്നതിനോ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കിൽ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങൾക്കെല്ലാം കൂടി? പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടിൽ നിന്ന് ആ യൂനിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യർ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരകുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്’_ പദ്മകുമാർ കുറിച്ചു.