ആലുവയിലെ അഞ്ചുവയസുകാരിയുടെ അന്ത്യകർമം; വ്യാജ ആരോപണം ഉന്നയിച്ച്‌ മതസ്‌പര്‍ധയുണ്ടാക്കാൻ ശ്രമിച്ചു, പൂജാരി രേവത് ബാബുവിനെതിരെ പരാതി

0
195

ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. രേവതാണ് കുട്ടിയുടെ അന്ത്യകർമ ചടങ്ങുകൾ നടത്തിയ പൂജാരി. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണം എന്ന് ചൂണ്ടിക്കാണിച്ചാണ് ആലുവയിലെ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിട്ടുള്ളത്. തെറ്റായ പ്രസ്‌താവനവഴി മതസ്‌പര്‍ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പൊതുപ്രവര്‍ത്തകനായ അഡ്വ. ജിയാസ് ജമാലാണ് ആലുവ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയത്.

ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എംഎല്‍എ ഇയാളെ ചേര്‍ത്ത് പിടിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മനോരമ വളരെ വൈകാരികമായി ഇത് വാർത്തയുമാക്കി. സംഭവം വിവാദമായതോടെ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്നാണ് പൂജാരിമാര്‍ പറഞ്ഞതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഡ്വ. ജിയാസ് ജമാല്‍ പരാതി നല്‍കിയത്.

ശേഷക്രിയ ചടങ്ങുകൾ പൂർത്തിയായ ഉടനെ ചില മാധ്യമങ്ങൾ അവരുടെ ഓൺലൈനിൽ രേവതിന്റെ പ്രതികരണം വലിയ തോതിൽ കൊടുത്തിരുന്നു. തൊട്ടുപിന്നാലെ ചില വാർത്താചാനലുകളും പ്രതികരണം ഏറ്റെടുത്ത് കൊണ്ടാടി. രേവതിനെ അൻവർ സാദത്ത് എംഎൽഎ ആശ്വസിപ്പിച്ചുവെന്നും ചേർത്തുപിടിച്ചു എന്നുമായിരുന്നു വാർത്ത. ഇതിന്റെ ചിത്രങ്ങൾ കോൺഗ്രസ് സൈബർ അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ തയ്യാറായില്ലെന്ന് കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവതാണ് ആരോപണം ഉന്നയിച്ചത്. വിവിധയിടങ്ങളിലായി ആറും ഏഴും പൂജാരിമാരെ സമീപിച്ചു. ഒരാളും ഈ കുട്ടിയുടെ അന്ത്യകർമം ചെയ്യാൻ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പല പൂജാരിമാരും ചോദിച്ചത്. വല്ലാത്ത മനുഷ്യത്വമില്ലായ്മയാണിത്. “നമ്മുടെ കുട്ടിയല്ലേ, ഞാൻ എനിക്കറിയാവുന്നതുപോലെ ചെയ്തു”- എന്നായിരുന്നു രേവതിന്റെ പ്രതികരണം.

ആലുവയിൽ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. മിക്കവരെയും നേരിൽ കണ്ട് ചോദിച്ചു. ഒരാളും വരാൻ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവർ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? എനിക്ക് കർമങ്ങൾ അത്ര നന്നായി അറിയുന്ന ആളല്ല. ഒരു കർമവും അറിഞ്ഞിട്ടുമല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഉള്ളുലഞ്ഞുള്ള അവരുടെ ചോദ്യം കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നി. അപ്പോൾ ഞാന്‍ കരുതി. ഒന്നും വേണ്ട, നമ്മുടെ കുട്ടിയല്ലേ ഞാൻ തന്നെ കർമം ചെയ്യാമെന്ന് തീരുമാനിച്ചുവെന്നും രേവത് പറഞ്ഞുവെന്നാണ് ആദ്യം വാർത്ത വന്നത്.

ഞായറാഴ്ച പതിനൊന്നു മണിയോടെയാണ് അഞ്ചു വയസുകാരിയുടെ മൃതദേഹം കീഴ്മാട് പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചത്. ആലുവ തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദർശനത്തിനു വെച്ചശേഷമായിരുന്നു സംസ്ക്കാരം. സഹപാഠികളും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലിയർപ്പിക്കാനായി സ്കൂള്‍ അങ്കണത്തില്‍ എത്തിയത്. സംസ്കാരചടങ്ങുകളിലും വൻ ജനാവലി പങ്കാളികളായി.