സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിട്ടുണ്ട്. അതേസമയം അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാലവർഷക്കാലത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇത് കാലവർഷത്തെ ബാധിച്ചേക്കാം.
മഴ 32 ശതമാനം കുറഞ്ഞു – തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുമാസം പിന്നിടുമ്പോൾ കേരളത്തിൽ മഴയിലെ കുറവ് 32 ശതമാനം. 5 ജില്ലകളിൽ മാത്രമാണ് കാലവർഷം സാധാരണ തോതിൽ ലഭിച്ചത്. മഴദിനങ്ങൾ തീരെക്കുറവായിരുന്നു. അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാലവർഷക്കാലത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇത് കാലവർഷത്തെ ബാധിച്ചേക്കാം.
ജൂൺ ഒന്നുമുതൽ 28 വരെ 1244.7 മില്ലീമീറ്റർ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാൽ കേരളത്തിൽ ലഭിച്ചത് 846.8 മില്ലീമീറ്ററാണ്. ഇടുക്കിയിൽ ഇത്തവണ മഴ പകുതിയായി കുറഞ്ഞു. ചിലദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തെങ്കിലും കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് കുറവ്. ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ മാത്രമാണ് സാധാരണ തോതിൽ മഴ പെയ്തത്. എന്നാൽ ഈ ജില്ലകളിൽ ഒരിടത്തും ദീർഘകാല ശരാശരിയെക്കാൾ മഴ ലഭിച്ചിട്ടില്ല.