മുതലാളിമാരുടെ വിസർജ്യത്തിൽ സുഗന്ധം പൂശാൻ വേണ്ടിയാകരുത് മാധ്യമപ്രവർത്തനം: നികേഷിന് മുൻ സഹപ്രവർത്തകന്റെ കുറിപ്പ്

0
211

സ്വന്തം മുതലാളിമാരുടെ വിസർജ്യത്തിൽ സുഗന്ധം പൂശാൻ വേണ്ടിയാകരുത് മാധ്യമപ്രവർത്തണമെന്ന് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ്‌കുമാറിനോട് മുൻ സഹപ്രവർത്തകൻ എം പി ബഷീർ. വയനാട്ടിലെ കാട്ടുകൊള്ളയും റിപ്പോർട്ടർ ചാനലിന്റെ പുതിയ മുതലാളിമാരുടെ ആത്മരോദനങ്ങളും അവരെ രക്ഷിക്കാൻ എന്റെ ചില മുൻ സഹപ്രവർത്തകർ വിടുപണി നടത്തുകയാണെന്നും ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു.

വാർത്തകൾ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ വേണ്ടിയാകരുതെന്ന് കുറിച്ച ബഷീർ, ഇന്ത്യയുടെ മാധ്യമ പ്രവർത്തനത്തിന്റെ ചരിത്രം പറയുന്ന റോബിൻ ജിഫിറിയുടെ പുസ്തകം മീറ്റ് ദി എഡിറ്റേഴ്‌സിന് കയറും മുമ്പ് അതൊന്നെടുത് വായിക്കാനും ഓർമിപ്പിക്കുന്നു. ഒന്നര നൂറ്റാണ്ടിലധികം കാലംകൊണ്ട് ആയിക്കണക്കിനു മനുഷ്യർ ദാരിദ്ര്യം ഭക്ഷിച്ചും, ആരോഗ്യം അവഗണിച്ചും, സ്വന്തം മക്കൾക്ക് അവരോടൊപ്പമുള്ള സായാഹ്നങ്ങൾ നിഷേധിച്ചും സൃഷ്‌ടിച്ച ഒരു തൊഴിൽ മേഖലയാണിത്. ഈ നാട്ടിലെ ജനാധിപത്യത്തിന് ഇതാവശ്യമാണെന്നും ബഷീർ പറഞ്ഞു.

എം വി നികേഷ്കുമാർ ഇന്ത്യാവിഷൻ തുടങ്ങിയ സമയത്ത് എം പി ബഷീർ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. പിന്നീട് ഓൺലൈൻ മാധ്യമരംഗത്തേക്ക് ചുവട് മാറ്റിയ ബഷീർ സൗത്ത് ലൈവ്, ന്യൂസ് റെപ്റ്റ് എന്നിവയുടെ എഡിറ്റർ ഇൻ ചീഫ് ആയും പ്രവർത്തിച്ചു. 2020 സെപ്തംബർ 21ന് അദ്ദേഹം റിപ്പോർട്ടറിൽ എഡിറ്ററായി ചുമതലയേറ്റു. അന്നത്തെ പ്രതിസന്ധി മറികടക്കാനും വാർത്താ വിഭാഗം മെച്ചപ്പെടുത്താനുമായാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നാൽ, പൊടുന്നനെ അദ്ദേഹം റിപ്പോർട്ടർ വിടുകയും ചെയ്തു.

എം പി ബഷീറിന്റെ കുറിപ്പ് ഇങ്ങനെ.

വയനാട്ടിലെ കാട്ടുകൊള്ളയും റിപ്പോർട്ടർ ചാനലിന്റെ പുതിയ മുതലാളിമാരുടെ ആത്മരോദനങ്ങളും മുതലാളിമാരെ രക്ഷിച്ചെടുക്കാനുള്ള എന്റെ ചില മുൻ സഹപ്രവർത്തകരുടെ വിടുപണികളും കാണുമ്പോൾ പഴയൊരു മാധ്യമ യുദ്ധം ഓർമയിലേക്ക് വരുന്നു. മലയാള മനോരമ കുടുംബം മലപ്പുറത്തെ ഒരു ക്ഷേത്ര ഭൂമിയിൽ നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെ കുറിച്ച് ഇന്ത്യാവിഷൻ നൽകിയ വാർത്താപരമ്പരയും തുടർചലനങ്ങളും. സാക്ഷാൽ വി എസ് അച്യുതാന്ദനിൽ നിന്ന് ടിപ്പ്-ഓഫ് ചെയ്തു കിട്ടിയ ഒരു സ്റ്റോറിയായിരുന്നു അത്. 1000 വോട്ടിനു താഴെ തുടർഭരണം നഷ്ടപ്പെട്ട് വി. എസ്. വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ കസേരയിലിരിക്കുമ്പോൾ ഇങ്ങോട്ടു വന്ന ഒരു ഫോൺ കാൾ ആയിരുന്നു തുടക്കം. “നിങ്ങൾ ആ പന്തല്ലൂരിലെ ക്ഷേത്രഭൂമിയുടെ കാര്യം ഗൗരവത്തിൽ എടുക്കാത്തത് എന്താണ്? മനോരമയും ഉമ്മൻ ചാണ്ടിയും കോടതിയും ചേർന്ന് അതിൽ നടപടി വൈകിക്കുകയാണ്. ആ കേസ് നടത്തുന്ന മണികണ്ഠനോട് നിങ്ങളെ വന്നു കാണാൻ പറഞ്ഞട്ടുണ്ട്.” പാതിവഴിയിൽ നിർത്തിയ സംസാരം തുടരുന്നത് പോലെയാണ് ചിലപ്പോൾ വി. എസ്. സംസാരിക്കുക. (കവിയറ്റ്: വാർത്താ സമ്മേളനങ്ങളിലോ പൊതു മീറ്റിംഗുകളിലോ അല്ലാതെ വി. എസ്സിനെ കണ്ടതും സംസാരിച്ചതും ആകെ ആറോ ഏഴോ തവണ. ഇങ്ങോട്ടു വിളിച്ചത് രണ്ടു വട്ടം. അതിലൊരു കോൾ ഇതായിരുന്നു.)

സ്വാതന്ത്ര്യത്തിനും മുമ്പുള്ള കുറെ മുദ്രപത്രങ്ങൾ, കോടതി വ്യവഹാരങ്ങൾ, റവന്യു രേഖകൾ… നൂറുകണക്കിന് പേജ് വരുന്ന കടലാസുകൂട്ടവുമായി പന്തല്ലൂർ ക്ഷേത്ര ഭൂമി സംരക്ഷണ സമിതി പ്രസിഡണ്ട് പി. കെ. മണികണ്ഠൻ തൊട്ടടുത്ത ദിവസങ്ങളിൽ കൊച്ചിയിൽ വന്നു. തെളിവുകൾ സമൃദ്ധമായിരുന്നു. എങ്കിലും മനോരമ കുടുംബം പോലെ ഒരു സാമ്രാജ്യത്തിനു നേരെ വാർത്തകൊടുക്കാൻ പിന്നെയും ഒരുക്കങ്ങൾ വേണ്ടിയിരുന്നു. അന്ന് കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന ആർ. അനന്തകൃഷ്ണനാണ് ദൗത്യം ഏറ്റെടുത്തത്. അനന്തൻ ആഴ്ചകൾ എടുത്തു രേഖകൾ പരിശോധിച്ചു. ക്രോസ്സ് ചെക്ക് ചെയ്തു. 490 ഏക്കറിലധികം വരുന്ന പന്തല്ലൂർ ക്ഷേത്രഭൂമി തട്ടിയെടുക്കാൻ മലയാള മനോരമ പത്രം നടത്തുന്ന കുടുംബവുമായി ബന്ധമുള്ള ചിലർ നടത്തിയ അനധികൃത നീക്കങ്ങൾ പകൽപോലെ വ്യക്തമായിരുന്നു. 75 വർഷങ്ങൾ നീണ്ട ഗൂഡലോചനയും വ്യാജ രേഖാ നിർമാണവും കൊടും ചതിയുമെല്ലാം ആ രേഖകളിൽ നിഴലിച്ചി നിന്നു.

കഥ ഏറെക്കുറെ ഇങ്ങനെയായിരുന്നു:

1943 -ൽ കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ, രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പന്തല്ലൂർ ക്ഷേത്ര ഭൂമി കോട്ടയം, തിരുവല്ല, കടപ്രംമുറിയിൽ തയ്യിൽ ചെറിയാന് 60 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. ആദ്യ 30 വർഷം പാട്ടം കൃത്യമായി അടച്ചു. മനോരമ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റ് എന്ന കമ്പനിയാണ് ബാലന്നുർ പ്ലാന്റേഷൻസ് എന്ന പേരിൽ തോട്ടം നോക്കി നടത്തിയത്. പാട്ടം അടക്കുന്നത് നിർത്തി, 1974 മുതൽ ഭൂമി സ്വന്തം അധീനതയിൽ കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയത് രേഖകളിൽ വ്യക്തമാണ്. 74 മുതൽ ഭൂമിക്കു സ്വന്തം പേരിൽ കരമടക്കാനും പട്ടയം നേടിയെടുക്കാനും ശ്രമം തുടങ്ങി. ബാലന്നുർ പ്ലാന്റെഷൻസ് മാനേജർ, തയ്യിൽ എസ്റ്റേറ്റിലെ മേരി, സാറ മാമ്മൻ, ഓമനാ മാമ്മൻ, ജോർജ് മാത്യു, മീര ഫിലിപ്, ശാന്തമ്മാ മാമ്മൻ, അനു മാമ്മൻ എന്നിവരുടെ പേരിലാണ് പട്ടയം അപേക്ഷ നൽകിയത്. 1978 -ൽ മലപ്പുറം ഡെപ്യൂട്ടി കളക്ടർ പട്ടയ അപേക്ഷ തള്ളി. അതിനു ശേഷവും മനോരമ കുടുംബം, ഭൂമി സ്വന്തമെന്ന മട്ടിൽ വെച്ചനുഭവിച്ചു. 2003 -ൽ പാട്ടക്കാലാവധി മുഴുവൻ കഴിഞ്ഞിട്ടും ഭൂമി വിട്ടുകൊടുത്തില്ല.

2002 മുതൽ സമരവും കേസുമായി നടക്കുന്ന മണികണ്ഠനും സുഹൃത്തുക്കൾക്കും മനസ്സുമടുത്തിരുന്നു. സർക്കാരും റവന്യൂ വകുപ്പും കോടതി പോലും അവരുടെ പക്ഷത്താണ് എന്ന് പരിതപിച്ചുകൊണ്ടാണ് മണികണ്ഠൻ പോയത്. പക്ഷെ, അരനൂറ്റാണ്ട് കാലം ഈ വാർത്ത പുറംലോകമറിയാതെ പൊടിപിടിച്ചിരുന്നതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. കോട്ടയത്തെ മനോരമ കുടുംബവും കോഴിക്കോട്ടെ മാതൃഭൂമി കുടുംബവും തിരുവനന്തപുരത്തെ കൗമുദി കുടുംബവും നോക്കിനടത്തിയതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ മാധ്യമ മേഖല. ഈ വാർത്ത സീരിയലൈസ് ചെയ്യാൻ ഇന്ത്യാവിഷൻ തീരുമാനിച്ചപ്പോൾ ഞാനും അതിന്റെ ഉള്പിരിവുകൾ അറിഞ്ഞു .

മറുവശം കേൾക്കുക എന്ന ‘പുരാതനമായ’ മാധ്യമ പെരുമാറ്റ സംഹിത പാലിക്കാൻ അനന്തൻ നടത്തിയ ചില ഫോൺ കോളുകൾ വഴി അവർ ഇന്ത്യാവിഷൻ നീക്കം അറിഞ്ഞു. ലക്ഷണമൊത്ത മുതലാളിമാർക്ക് ചേർന്ന വിധം അവർ ചെയർമാനായ ഡോ: മുനീറിനെയാണ് ആദ്യം വിളിച്ചത്. മുനീറാകട്ടെ, എം.ടി. വാസുദേവൻ നായരുടെ ചുമലിലേക്ക് ചാരിയാണ് ഞങ്ങളുടെ മുന്നിൽ കാര്യം അവതരിപ്പിച്ചത്: അവരെ ഇപ്പോൾ പിണക്കിക്കൂടാ. എല്ലാ പഴുതിലും മനോരമയെ പഴി പറയുന്ന അഡ്വക്കറ്റു ജയശങ്കറിന്റെ വാരാന്ത്യം എന്ന പരിപാടി നിർത്തിവെക്കണമെന്ന് മനോരമ കുടുംബം ഡോ: മുനീറിനോട് സ്നേഹരൂപേണ ആവശ്യപ്പെട്ടിരുന്നു. അത് ഞങ്ങൾ വകവെക്കാത്തതി ന്റെ പിണക്കം നിലനിൽക്കുന്ന അന്തരീക്ഷത്തിലേക്കാണ് പുതിയ പ്രശ്നവും വന്നുവീണതു. അഞ്ചു ദിവസം പ്രൈം ടൈമിൽ കൊടുക്കാവുന്ന തരത്തിൽ സ്റ്റോറികളൊക്കെ തയ്യാറാക്കി വച്ചെങ്കിലും സംപ്രേക്ഷണം പിന്നെയും നീണ്ടു.

ഒരു മൂന്നു മാസം കഴിഞ്ഞുകാണും, അമർഷവും നിരാശയുമൊക്കെ കലർന്ന ശബ്ദത്തിൽ മണികണ്ഠന്റെ ഫോൺകോൾ വന്നു. “ഇന്ത്യാവിഷനെയും അവർ വിലക്ക് വാങ്ങി, അല്ലേ?” ആ ചോദ്യം ഉണ്ടാക്കിയ ആളൽ ഇപ്പോഴും ഉള്ളിലുണ്ട്. മൂന്നാം ദിവസം ഞങ്ങൾ വാർത്ത കൊടുത്തു തുടങ്ങി. തുടർച്ചയായി അഞ്ചു ദിവസം. രണ്ടു ദിവസം ന്യൂസ് നൈറ്റിൽ ചർച്ചക്കെടുത്തു. പരമ്പരയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാമെന്ന് മറ്റു സ്ഥാപനങ്ങളിലെ മുതിർന്ന റിപോർട്ടർമാരോട് ഞാൻ പറഞ്ഞു. മലയാളത്തിലെ മറ്റു മാധ്യമങ്ങളൊന്നും ഈ വാർത്ത കണ്ടതായി ഭാവിച്ചില്ല. ഏഷ്യാനെറ്റ് മാത്രം ഒരു ഒറ്റമിനുട്ടു ഫോളോ -ആപ്പ് സ്റ്റോറി കൊടുത്തെന്നു വരുത്തി. സോഷ്യൽ മീഡിയ ഇന്നത്തെ പോലെ സജീവമല്ലാതിരുന്നതിനാൽ ആ നിലക്കുള്ള പിന്തുണയും കിട്ടിയില്ല. രാഷ്ട്രീയ പാർട്ടികളൊന്നും പ്രശ്‍നം ഏറ്റെടുത്തില്ല. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും രണ്ടു പതിറ്റാണ്ടോളം പരിചയ സമ്പത്തുമുള്ള എന്റെ പരിചയക്കാരായ മനോരമയുടെ രണ്ടു തോട്ടക്കാർ ദീർഘദൂരം യാത്രചെയ്തു വന്നു എനിക്ക് കാപ്പി വാങ്ങിത്തന്നു മടങ്ങി.

എന്നെ അത്ഭുതപ്പെടുത്തിയത്, പക്ഷെ, മനോരമ കമ്പനിയുടെ പ്രത്യക്ഷ മൗനമായിരുന്നു. അവരുടെ ഉടമസ്ഥതയിലുള്ള പത്രമോ ചാനലോ ഒരു നിഷേധംകൊണ്ടുപോലും അതിനോട് പ്രതികരിച്ചില്ല. ഇങ്ങനെയൊരു കേസോ വാർത്തയോ ഉള്ളതായിപോലും അവർ ഭാവിച്ചില്ല. മറ്റുള്ളവർക്ക് വർത്തയാക്കാവുന്ന തരത്തിൽ ഒരു വക്കീൽ നോട്ടീസ് പോലും അവർ അയച്ചില്ല. മനോരമയുമായി തങ്ങൾക്കു ബന്ധമില്ലെന്ന് ബാലന്നുർ എസ്റ്റേറ്റിന്റെ ലെറ്റർഹെഡിൽ ഒരു പാരഗ്രഫുള്ള കത്ത് മാത്രമാണ് ഞങ്ങൾ കിട്ടിയ പ്രതികരണം. ആ കത്ത് മനോരമയുടെ പേരുവച്ച കവറിൽ തന്നെ അയക്കുന്നത്ര കുറഞ്ഞ ശ്രദ്ധയെ അവരതിന് നൽകിയുള്ളൂ.

എന്നാലും, മനോരമയുടെ പ്രത്യക്ഷ മൗനമോ, മറ്റു മാധ്യമങ്ങളുടെ നിസ്സംഗതയോ ഒന്നും കേസ് നടത്തിപ്പിനെ ബാധിച്ചില്ല. നിവേദിത പി. ഹരൻ നടത്തിയ ആത്മാർത്ഥമായ ചില ശ്രമങ്ങൾ ഒഴിച്ചാൽ, കേസ് വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് പല ഘട്ടങ്ങളിലും റവന്യൂ വകുപ്പ് നടത്തിയത്. ഈ നീക്കങ്ങളും വിജയിച്ചില്ല. കോടതിലെ തെളിവുകൾ അത്രമാത്രം കൃത്യമായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ വാദങ്ങളും കോടതിയിൽ ശരിവെക്കപ്പെടുകയും ഇന്ത്യാവിഷൻ വാർത്തയുടെ മുഴുവൻ ഉള്ളടക്കവും നേരാണെന്നു വരികയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന ഭാഷാ ദിനപത്രവുമായുള്ള ബന്ധുത്വത്തിന്റെ പിൻബലത്തിൽ 490 ഏക്കർ ക്ഷേത്ര ഭൂമിയിൽ നിന്നു മുക്കാൽ നൂറ്റാണ്ടിനു ശേഷം കയ്യേറ്റക്കാർ ഇറങ്ങേണ്ടി വന്നു. ആ ഭൂമി അവിടെ തന്നെയുണ്ടോ എന്നന്വേഷിക്കാൻ ഇന്ന് രാവിലെ മണികണ്ഠനെ വീടും വിളിച്ചെങ്കിലും കിട്ടിയില്ല.

ഇത്രയുമെഴുതിയതു റിപ്പോർട്ടർ ചാനലിലെ എം. വി. നികേഷ്‌കുമാറിനോടും മറ്റു സുഹൃത്തുക്കളോടും ഒരു വാക്ക് പറയാനാണ്. സുഹൃത്തുക്കളേ, ഒരു മാധ്യമ സ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തിനെതിരെ വാർത്ത കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരുടെയും നിയമബാഹ്യമായ ചെയ്തികൾ അന്വേഷിക്കലും പുറത്തുകൊണ്ടുവരലും നമ്മുടെ ജോലി തന്നെയാണ്. ആ ചെയ്തികൾ അധികാരസ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് നടപ്പാക്കപ്പെടുന്നതെങ്കിൽ പ്രത്യേകിച്ചും. പക്ഷെ, അത്തരം വാർത്തകൾ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ വേണ്ടിയാവരുത്. അവരുടെ വിസർജ്യത്തിൽ സുഗന്ധം പൂശാൻ വേണ്ടിയാകരുത്.

ഇന്ത്യയുടെ മാധ്യമ പ്രവർത്തനത്തിന്റെ ചരിത്രം പറയുന്ന റോബിൻ ജിഫിറിയുടെ ഒരു പുസ്തകമുണ്ട്. മീറ്റ് ദി എഡിറ്റേഴ്‌സിന് കയറും മുമ്പ് അതൊന്നെടുത് വായിക്കണം. ഒന്നര നൂറ്റാണ്ടിലധികം കാലംകൊണ്ട് ആയിക്കണക്കിനു മനുഷ്യർ ദാരിദ്ര്യം ഭക്ഷിച്ചും, ആരോഗ്യം അവഗണിച്ചും, സ്വന്തം മക്കൾക്ക് അവരോടൊപ്പമുള്ള സായാഹ്നങ്ങൾ നിഷേധിച്ചും സൃഷ്‌ടിച്ച ഒരു തൊഴിൽ മേഖലയാണിത്. ഈ നാട്ടിലെ ജനാധിപത്യത്തിന് ഇതാവശ്യമാണ്. അകത്തുനിന്നുൾപ്പെടെ പലപല കാർമികത്വങ്ങളിൽ ഈ തൊഴിലിന്റെ വിശ്വാസ്യത ചോർന്നു തീരുന്ന കാലവുമാണിത്. ആ ശവമഞ്ചത്തിൽ അവസാനത്തെ ആണി നിങ്ങളുടേതാകാതിരിക്കട്ടെ.

(റിപോർട്ടറിലെ മാങ്ങാ മുതലാളിമാരെ കുറിച്ച് എനിക്ക് വേറെതന്നെ പറയാനുണ്ട്. അതിവിടെ പറഞ്ഞിട്ടില്ല. പറയാം.)

തിരുവനന്തപുരം
ജൂലൈ 28, 2023