മരണക്കെണി: ഇന്ത്യയുടെ അനധികൃത വായ്പാ ആപ്പുകൾ; ബാംഗ്ലൂരിൽ മാത്രം ഒരു വർഷത്തിൽ നടന്നത് 2 മരണം

0
188

ജൂലൈ 13 ന്, ബംഗളൂരുവിലെ ഇലക്ട്രിക്കൽ എഞ്ചിനീയറായ 52 കാരനായ പി എസ് ഗോപിനാഥ്, മകളെ ട്യൂഷൻ ക്ലാസിലേക്ക് വിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ മകൻ തേജസ് നായരെ മരിച്ച നിലയിൽ കണ്ടെത്തി. ആറാം സെമസ്റ്റർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ തേജസ് എന്ന 22 കാരൻ തേജസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു: “ഞാൻ ചെയ്തതിന് അമ്മയും അച്ഛനും ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല. എന്റെ പേരിലുള്ള മറ്റ് വായ്പകൾ അടയ്ക്കാൻ എനിക്ക് കഴിയില്ല, ഇതാണ് എന്റെ അന്തിമ തീരുമാനം. വിട.”

ഓൺലൈൻ ആപ്പുകൾ വഴി നേടിയ ഉടനടി വായ്പയുടെ പേരിൽ പീഡനം ആരോപിച്ച് തേജസ് ആത്മഹത്യ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും, നോർത്ത് ബെംഗളൂരു പ്രദേശമായ ജാലഹള്ളിയിലെ താമസക്കാരനായ ഗോപിനാഥിന് ലോൺ ദാതാക്കളുടെ ഏജന്റുമാരിൽ നിന്ന് തേജസിന്റെ മൊബൈൽ ഫോണിലേക്ക് കോളുകൾ വരുന്നത് നിലച്ചിട്ടില്ല. മകന്റെ മോർഫ് ചെയ്ത ഫോട്ടോകൾ അദ്ദേഹത്തിന് അയച്ചുകൊടുത്തുകൊണ്ടേയിരിക്കുന്നു.

അവ്യക്തമായ നിയന്ത്രണങ്ങളുടെയും നിസ്സാര ഡോക്യുമെന്റേഷനുമായി പ്രവർത്തിക്കുന്ന ചൈനീസ് പണമിടപാട് സ്ഥാപനങ്ങൾ, ലോൺ ആപ്പുകൾ വഴി പൊതുജനങ്ങൾക്ക് ഉടനടി ഹ്രസ്വകാല വായ്പകൾ നൽകുന്നതിനും 2,000 ശതമാനം വരെ ഉയർന്ന പലിശനിരക്കിൽ അത് ഈടാക്കുന്നതിനും കടംവാങ്ങുന്നവരുടെ മേൽ ലോൺ റിക്കവറി ഏജന്റുമാരെ കെട്ടഴിച്ചു വിടുകയും ചെയ്യുന്നു.

തുല്യമായ പ്രതിമാസ ഗഡു (ഇഎംഐ) അടയ്ക്കാമെന്ന് ഉറപ്പ് നൽകിയ സുഹൃത്തിനായി 2022 ൽ തേജസ് ഉടനടി വായ്പ ലഭിക്കുന്ന ലോൺ ആപ്പായ ‘സ്ലൈസി’ൽ നിന്ന് 46,000 രൂപ വായ്പ എടുത്തതായി ഗോപിനാഥ് പറയുന്നു. എന്നാൽ സുഹൃത്ത് വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ തേജസിന് പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം പലിശ നൽകേണ്ടി വന്നു.

“തേജസ് ഒന്നിലധികം ആപ്പുകളിൽ നിന്ന് വായ്പ എടുത്തതായി പിന്നീട് ഞങ്ങൾ കണ്ടെത്തി. ഈ ആപ്പുകളുടെയെല്ലാം പ്രതിനിധികൾ തേജസ്സിനെ ഉപദ്രവിക്കാൻ തുടങ്ങി. അഞ്ച് മാസം മുമ്പ് ഒരു ആപ്പിൽ നിന്ന് തേജസിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലഭിച്ചപ്പോഴാണ് ഞാനത് അറിഞ്ഞത്. അവന്റെ വായ്പയുടെ ഒരു ഭാഗം ഞാൻ തിരികെ നൽകി, എന്നാൽ പിന്നീട് അവർ എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ എനിക്ക് അയച്ചുതരാൻ തുടങ്ങി,” ഗോപിനാഥ് പറഞ്ഞു.

ലോണുകൾ തിരിച്ചടയ്ക്കുന്നതിനായി കോളേജ് സമയത്തിന് ശേഷം തേജസ് ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യാൻ തുടങ്ങിയതായി കുടുംബം ഇപ്പോഴാണ് മനസ്സിലാക്കുന്നത്. തേജസ് ജപ്പാനിൽ ജോലി ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും ക്യാമ്പസ് ഇന്റർവ്യൂവിൽ വിജയിച്ചതായും കുടുംബം പറയുന്നു.

ബെംഗളൂരുവിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഓൺലൈൻ ഉടനടി വായ്പാ ദാതാക്കളുടെ പീഡനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ മരണമാണ് തേജസിന്റേത്. 2022 ജൂലൈ 25ന് നഗരത്തിലെ ഒരു സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന നന്ദകുമാർ ടി (52) ട്രെയിനിന് മുന്നിൽ ചാടി. ഏകദേശം 2.6 ലക്ഷം രൂപ വായ്പയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് ഇൻസ്റ്റന്റ് ലോൺ ആപ്പ് എക്‌സിക്യൂട്ടീവുകളുടെ പീഡനം സഹിക്കാൻ കഴിയാതെയായിരുന്നു ആദ്ദേഹം ഇത് ചെയ്തത്

കുറഞ്ഞത് 41 ഇൻസ്റ്റന്റ് മൊബൈൽ ലോൺ ആപ്പുകളിൽ നിന്നെങ്കിലും കുമാർ വായ്പ വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ 41 ആപ്പുകളും പരാമർശിക്കുകയും ഈ ആപ്പുകൾ നിരോധിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ലോൺ റിക്കവറി ഏജന്റുമാർ തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കുടുംബത്തിന് അയച്ചുകൊടുക്കുകയും തന്നെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റെയിൽവേ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല.

ഈ വർഷം ആദ്യം നടത്തിയ ലോൺ ആപ്പുകളെക്കുറിച്ചുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ, ഈ കേസുകളിൽ ഓരോന്നിലും ലോൺ തുകയുടെ ഏകദേശം 30-40 ശതമാനം പ്രോസസിംഗ് ഫീസാക്കി മാറ്റിയതായും പലിശ നിരക്ക് 2,000 ശതമാനം വരെ ഉയർന്നതായും കണ്ടെത്തി. ബെംഗളൂരുവിലെ സിഐഡി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 18 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്.

“അവർ ലോൺ ആപ്ലിക്കേഷനുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും പൊതുജനങ്ങൾക്ക് ഉടനടി ഹ്രസ്വകാല വായ്പകൾ നൽകി, ഉയർന്ന പ്രോസസ്സിംഗ് ഫീസും അമിത പലിശയും ഈടാക്കി, പിന്നീട് ഈ കമ്പനികൾ പൊതുജനങ്ങളിൽ നിന്ന് പണം ഈടാക്കി ഭീഷണിപ്പെടുത്തി മാനസിക പീഡനം സൃഷ്ടിച്ചു. വായ്‌പയെടുത്തവരെ ഫോണിലൂടെയും അവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പണത്തിനായി ബന്ധപ്പെടുകയും ചെയ്യുന്നു,” “ചൈനീസ് ലോൺ ആപ്പ്” റാക്കറ്റുമായി ബന്ധപ്പെട്ട 106 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ ശേഷം ഇഡി മാർച്ചിൽ പറഞ്ഞിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, ഇൻസ്‌റ്റന്റ് ഓൺലൈൻ ലോൺ ആപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെ (എൻബിഎഫ്‌സി) സാങ്കേതിക സേവന ദാതാക്കളായി ബിസിനസുകാരെന്ന (ഭൂരിപക്ഷവും ചൈനീസ്) നിലയിൽ ബന്ധപ്പെട്ടിരിക്കുന്നു.

ചൈനീസ് സ്ഥാപനങ്ങൾ പിന്നീട് പേയ്‌മെന്റ് ഗേറ്റ്‌വേകളുമായി ബന്ധം സ്ഥാപിക്കുകയും വായ്പ എടുക്കുന്നവർക്ക് പണം നൽകുന്നതിന് ചെറിയ സ്വകാര്യ കമ്പനികളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നു. പേയ്‌മെന്റുകൾക്കായി വായ്പയെടുത്തവരെ നിരന്തരം ബന്ധപ്പെടുന്നതിന് ഈ സ്ഥാപനങ്ങൾ ടെലികോളർമാരെ നിയമിക്കുകയും പിന്നീട് പണം ചൈനയിലേക്ക് മാറ്റുകയും ചെയ്യുന്നു.

ബെംഗളൂരു പൊലീസ് പറയുന്നതനുസരിച്ച്, എൻ‌ബി‌എഫ്‌സികൾ അവരുടെ ക്രെഡൻഷ്യലുകൾ മാത്രമേ ചൈനീസ് കമ്പനികൾക്ക് കൊടുക്കുന്നുള്ളൂ, അതുപയോഗിച്ചാണ് ടെലികോളർമാരും ഓഫീസ് ബോയ്‌സും ഡയറക്ടർമാരുള്ള ചെറുകിട സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ വായ്പകൾ വിതരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നു. ബെംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് നടത്തിയ അന്വേഷണത്തിൽ കാഷ് മാസ്റ്റർ, ക്രേസി റുപ്പി, ഐരുപീ, കാഷിൻ, റുപേ മെനു, ഇറുപീ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ അമിത പലിശയ്ക്കും പ്രോസസ്സിംഗ് ഫീസിനും വായ്പകൾ നൽകുന്നതായി കണ്ടെത്തി.

“അന്വേഷണത്തിൽ, പണമിടപാട് ബിസിനസ്സ് ഫിൻ‌ടെക് കമ്പനികൾ നിയമവിരുദ്ധമായി നടത്തുന്നതാണെന്ന് വെളിപ്പെട്ടു. ഈ ഫിൻ‌ടെക് കമ്പനികളുടെ പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കാതെ, കമ്മീഷൻ ലഭിക്കുന്നതിന് വേണ്ടി ഈ ഫിൻ‌ടെക് കമ്പനികളെ അവരുടെ പേരുകൾ ഉപയോഗിക്കാൻ ഈ എൻ‌ബി‌എഫ്‌സികൾ അനുവദിക്കുന്നു, ” എന്ന് ഇൻസ്റ്റന്റ് ലോൺ ആപ്പ് സ്ഥാപനങ്ങൾക്കെതിരായ നടപടിക്ക് ശേഷം ഇ ഡി ഈ വർഷം മാർച്ചിൽ പറഞ്ഞിരുന്നു.

“മിക്ക പ്രവർത്തനങ്ങളും നിയമപരവും ആർബിഐ അനുവദനീയവുമാണ്. എന്നാൽ, ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ബംഗളൂരുവിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം) എസ് ബദരീനാഥ് പറഞ്ഞു, ഈ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ, ഡൗൺലോഡ് ചെയ്യുമ്പോൾ, അത് ചെയ്യുന്ന ഫോണിലെ മുഴുവൻ ഡാറ്റയും – കോൺടാക്റ്റുകൾ, ചിത്രങ്ങൾ, ഉൾപ്പടെ സകല വിവരങ്ങളും അവർ കൈവശമാക്കുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുമ്പോൾ ആളുകളെ പീഡിപ്പിക്കുന്നത് അത് ഉപയോഗിച്ചാണ്. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ഒരാളെ നാണം കെടുത്താൻ ചിത്രങ്ങൾ മോർഫ് ചെയ്യുകയും കോൺടാക്റ്റുകൾക്ക് അയയ്ക്കുകയും ചെയ്യുന്നു. അദ്ദേഹം വിശദീകരിച്ചു.

ലോൺ ആപ്പുകൾ പുറത്തിറക്കുന്ന ഫിൻടെക് സ്ഥാപനങ്ങൾ ചൈനീസ് പൗരന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ബെംഗളൂരുവിൽ ഈ കേസുകളുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് പൗരനെയും അറസ്റ്റ് ചെയ്തിട്ടില്ല. ‘ഫിൻടെക് കമ്പനികൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും രാജ്യം വിട്ടു. ശൃംഖലയുമായി ബന്ധമുള്ള ഇന്ത്യൻ ഡയറക്ടർമാരും സ്ഥാപനങ്ങളുമാണ് നടത്തുന്നത്, ”ബെംഗളൂരുവിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഓൺലൈനായി വായ്പ നൽകുന്നതിനുള്ള നയത്തിൽ ഒരു പഴുതുണ്ടായിട്ടുണ്ട്, ഈ ഇൻസ്റ്റന്റ് ലോൺ ആപ്പ് സ്ഥാപനങ്ങൾ ഈ പഴുത് ചൂഷണം ചെയ്താണ് ബിസിസനസ് നടത്തിയത്. ഈ പഴുത് അടയ്ക്കണം,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് പറയുന്നതനുസരിച്ച്, എൻ ബി എഫ് സികളുടെ ഓൺലൈൻ വായ്പകളെ കുറിച്ച് ബാങ്കിങ് അധികാരികൾ വ്യക്തമായ നയം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ചൈനീസ് ഫിൻടെക് സ്ഥാപനങ്ങൾക്ക് ചൂഷണത്തിന് സഹായകമായ ഒരു പഴുത്.

ഡിജിറ്റൽ വായ്പയെക്കുറിച്ച് ജൂൺ എട്ടിന് ആർബിഐ പുറപ്പെടുവിച്ച ഒരു കൂട്ടം മാർഗനിർദ്ദേശങ്ങളും ഫസ്റ്റ് ലോസ് ഡിഫോൾട്ട് ഗ്യാരന്റി (FLDG) പ്രോഗ്രാമിന് അംഗീകാരം നൽകാനുള്ള നീക്കവും ലോൺ ആപ്പുകൾ നടത്തുന്ന ഈ ഫ്ലൈ-ബൈ-നൈറ്റ് ലെൻഡർമാരെ നിയന്ത്രിക്കാനാകുമെന്ന് കരുതുന്നു. എഫ് എൽ ഡി ജി (FLDG) എന്നത് ഫിൻടെക് സ്ഥാപനങ്ങൾ ബാങ്കുകളുമായും എൻ ബി എഫ് സികളുമായും ഒപ്പുവച്ചിട്ടുള്ള ഔപചാരിക കരാറാണ്, വായ്പ തിരിച്ചടവിലെ വീഴ്ച മൂലമുള്ള നഷ്ടം നികത്താൻ ഇത് സഹായിക്കുന്നു.

ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് റെക്കോർഡ് പരിശോധിക്കാതെയാണ് വായ്പ നൽകുന്നത് എന്നതിനാൽ ഉടനടി വായ്പ ആപ്പുകളുടെ കാര്യത്തിൽ തിരിച്ചടവിലെ വീഴ്ച (ഡിഫോൾട്ടുകൾ) പലപ്പോഴും വളരെ കൂടുതലാണ്. ഫിൻ‌ടെക്കുകളെ ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്ന പുതിയ നയ പ്രകാരം, വായ്പ എടുത്തവർ തിരിച്ചടയ്ക്കാത്തത് മൂലം ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സികൾക്കും ഉണ്ടാകുന്ന നഷ്ടം നികത്താൻ ഫിൻടെക്കുകൾ ഗ്യാരണ്ടി തുക നൽകേണ്ടതുണ്ട്.

“ഈ നീക്കത്തിന് ലോൺ ആപ്പുകൾ വഴിയുള്ള വ്യാപകമായ വായ്പയെ നിയന്ത്രിക്കാൻ കഴിയും,”എന്ന് ചൈനീസ് ലോൺ ആപ്പ് സ്ഥാപനങ്ങളെ കുറിച്ചുള്ള ഇ ഡിയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ബെംഗളൂരു അഡീഷണൽ പൊലീസ് കമ്മീഷണർ (ഈസ്റ്റ്) രാമൻ ഗുപ്ത പറഞ്ഞു.

“ഡോക്യുമെന്റേഷൻ ആവശ്യമില്ലാത്തതിനാൽ ആളുകൾ ഈ ആപ്പുകളിൽ ആകർഷിക്കപ്പെടുന്നു. മാത്രമല്ല അവ ചെറിയ തുകവരെ വായ്പ നൽകുന്നു – 10,000 മുതൽ 15,000 രൂപ വരെ. വായ്പ തിരിച്ചടയ്ക്കുമ്പോൾ, അതേ കമ്പനികൾ മറ്റ് ഇൻസ്റ്റന്റ് ആപ്പുകളിൽ നിന്ന് വായ്പയെടുക്കാൻ പ്രേരിപ്പിക്കുന്നു, ഇത് ഒന്നിലധികം ആപ്പുകൾ ഉപയോഗിച്ച് ഡാറ്റ അപഹരിക്കുന്നതിന് വഴിതെളിക്കുന്നു,” ബെംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണർ (ക്രൈം) എസ് ഡി ശരണപ്പ പറഞ്ഞു.

കഴിഞ്ഞ മാസം, ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 27 കാരിയായ ഒരു സ്ത്രീ, ഒരു കാർ ലോണിനായി ഓൺലൈനിൽ അന്വേഷണം നടത്തിയപ്പോൾ , ഒരു ഉടനടി വായ്പാ ആപ്പ് (ക്വിക്ക് ലോൺ ആപ്പ് ) “ആകസ്മികമായി ഡൗൺലോഡ്” ചെയ്തു. താമസിയാതെ അവർക്ക് 9,000 രൂപ വായ്പ ലഭിച്ചു. അടുത്ത ദിവസം പണം തിരിച്ചടച്ചപ്പോൾ, എന്നാൽ, കോൺടാക്‌റ്റുകളിലേക്കും മീഡിയ ഗാലറിയിലേക്കും ഫോണിലെ മറ്റ് ആപ്പുകളിലേക്കും താൻ അറിയാതെ തന്നെ ആ വായ്പാ ആപ്പിന് അനുമതി (അക്‌സസ്) നൽകിയെന്ന് അവർക്ക് മനസ്സിലാക്കാനായില്ല.

ആപ്പിൽ നിന്ന് ലോൺ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യപ്പെട്ട് ആപ്പിന്റെ ടെലികോളർമാർ ഉടൻ തന്നെ ഈ യുവതിയെ വിളിച്ചു. എന്നാൽ, ഇത്തവണ അവരുടെ അക്കൗണ്ടിലേക്ക് 24,600 രൂപ വന്നു. അതും തിരിച്ചു കൊടുത്തു. എന്നിട്ടും വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് യുവതിക്ക് അശ്ലീല കോളുകൾ വരാൻ തുടങ്ങി.

“അവർ പരുഷമായി പണം ചോദിച്ചു. ഞാൻ തർക്കിച്ച നിമിഷം, അവർ ഉടൻ തന്നെ എന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് മോർഫ് ചെയ്ത ഫോട്ടോകൾ അയയ്ക്കുകയും എന്റെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവർക്ക് ആ ചിത്രങ്ങൾ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഫോണിൽ സേവ് ചെയ്‌ത ചില ഫോട്ടോകൾ എന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് അവർ അയക്കുമായിരുന്നു. ചിന്തിക്കാൻ പോലുമാകാത്തവിധം അവർ ട്രോമയിലേക്ക് തള്ളിയിടും. ഈ ഫൊട്ടോകൾ ലഭിക്കുന്നയാൾക്ക് അവ മോർഫ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാനാകുമെങ്കിലും, തങ്ങളെ അങ്ങനെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. രക്ഷിതാക്കളുടെ പിന്തുണയോടെ ഞാൻ പരാതി നൽകി. ഒരിക്കൽ ഞാൻ ഒരു വനിതാ പ്രതിനിധിയോട് ചോദിച്ചു എന്തിനാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്. മോർഫ് ചെയ്ത ചിത്രങ്ങൾക്കായി പണം ലഭിച്ചുവെന്ന് ആ സ്ത്രീ മറുപടി നൽകി, ”എച്ച്ആർ എക്സിക്യൂട്ടീവ് പറഞ്ഞു..

ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ചൈനീസ് പൗരന്മാരാണെന്ന് ജോയിന്റ് കമ്മീഷണർ ശരണപ്പ പറഞ്ഞു, “ഞങ്ങളുടെ അന്വേഷണത്തിൽ വന്ന ചില കേസുകളിൽ , ഈ ആപ്പുകളുടെ ഡയറക്ടർ ബോർഡിൽ മെക്കാനിക്കുകളും ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയുമൊക്കെ പേരുകൾ ഞങ്ങൾ കണ്ടെത്തി. ഈ ഡയറക്ടർമാരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് കമ്പനികൾ സ്ഥാപിച്ചത്, അവർക്ക് ഈ തട്ടിപ്പുകളെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നു. അഴിമതിക്ക് പിന്നിലെ യഥാർത്ഥ ആളുകൾ ഒരടയാളവും അവശേഷിപ്പിച്ചിട്ടില്ല.”

കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 നും 2023 നും ഇടയിൽ മംഗളൂരു നഗരത്തിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. “എല്ലാം ഇന്റർനെറ്റിൽ സംഭവിക്കുന്നു, ഒരടയാളവും അവശേഷിക്കുന്നില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. അവബോധം ഉണ്ടെങ്കിലും, ധാരാളം ആളുകൾ ഇപ്പോഴും ഈ ആപ്പുകൾക്ക് ഇരയാകുന്നു,” അദ്ദേഹം പറഞ്ഞു.