പി ജയരാജന് മോർച്ചറി ഒരുക്കിയിട്ടുണ്ട്; കൈയും തലയും വെട്ടി കാളിപൂജ നടത്തും, കൊലവിളിയുമായി ആർഎസ്എസ്

0
136

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് മോർച്ചറി ഒരുക്കിയിട്ടുണ്ടെന്നും സ്പീക്കർ എ എൻ ഷംസീറിന്റെയും ജയരാജന്റെയും കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നുമുള്ള കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്. പി ജയരാജന് മോർച്ചറി ഒരുക്കിയിട്ടുണ്ടെന്ന് മുദ്രാവാക്യം. നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ പ്രതിഷേധ പ്രകടനത്തിന്റെ മറവിലാണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്.

‘ഞങ്ങളൊന്ന് വിരിച്ചടിച്ചാൽ മോർച്ചറിയൊന്നും തികയില്ല. .. ഹിന്ദുക്കളുടെ നേരെ വന്നാൽ കയ്യും കൊത്തും, തലയും കൊത്തും, ഒറ്റകെെയ്യാ ജയരാജാ, ഓർത്തുകളിച്ചോ സൂക്ഷിച്ചോ, മോർച്ചറിയൊന്ന് ഒരുക്കുന്നുണ്ട് നിനക്കുവേണ്ടി ജയരാജാ.. ഓർത്തു കളിച്ചോ ഷംസീറേ .. ഹിന്ദുക്കളുടെ നേരെവന്നാൽ കെെയ്യും കൊത്തി തലയും കൊത്തി കാളീപൂജ നടത്തും ഞങ്ങൾ ’ എന്നിങ്ങനെ വളരെ പ്രകോപനവും ഭീഷണി നിറഞ്ഞതുമായ കൊലവിളി മുദ്രാവാക്യങ്ങളാണ് ആർഎസ്എസുകാർ വിളിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ വക്താവ് സന്ദീപ് വാര്യർ, യുവമോർച്ച സംസ്ഥ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ എന്നിവർ കഴിഞ്ഞ ദിവസം പി ജയരാജനും എ എൻ ഷംസീറിനുമെതിരെ ഭീഷണി മുഴക്കിയിരുന്നു. ഓണപ്പൂക്കള ചിത്രം ഉൾപ്പെടുത്തി ഒരു വരവ് കൂടി വരേണ്ടിവരും ഞങ്ങൾക്ക് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ സിപിഐ എം നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പള്ളൂരിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകർ അത്യന്തം പ്രകോപനപരമായി കൊലവിളി പ്രകടനം നടത്തിയത്.

പള്ളൂരിലെ സിപിഐഎം നേതാവ്‌ കണ്ണിപ്പൊയിൽ ബാബു വധക്കേസ്‌ പ്രതി കരീക്കുന്നുമ്മൽ സുനി, ബിജെപി മണ്ഡലം പ്രസിഡന്റ്‌ അങ്കാളപ്പിൽ ദിനേശൻ, ചാലക്കരയിലെ ഷിനോജ്‌, പന്തക്കലിലെ കുന്നുമ്മൽ മഹേഷ്‌, അവറോത്ത്‌ പാലത്തിനടുത്ത സച്ചു, പൂശാരികോവിലിനടുത്ത ശ്രീജിൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ 15പേരാണ്‌ പ്രകടനത്തിലുണ്ടായത്‌.

സ്‌പീക്കറുടെ ക്യാമ്പ്‌ ഓഫീസിലേക്ക്‌ ചൊവ്വാഴ്‌ച നടന്ന മാർച്ചിൽ എ എൻ ഷംസീറിന്റെ കൈവെട്ടുമെന്ന്‌ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്‌ ഭീഷണിമുഴക്കിയിരുന്നു. ഷംസീറിനെ തൊട്ടാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന് പി ജയരാജൻ മറുപടി പറഞ്ഞു. ഇതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഭീഷണിയുമായെത്തി. ഇതിന്റെ തുടർച്ചയാണ്‌ പള്ളൂരിലെ പ്രകടനം.