മുട്ടിൽ മരംകൊള്ള കേസ്; മുറിച്ച മരങ്ങളുടെ പഴക്കം ഡിഎൻഎ പരിശോധനയിലൂടെ തെളിഞ്ഞു; നടപടികൾ വേഗത്തിലാക്കും

0
352

മുട്ടിൽ മരംമുറിക്കൽ കേസിൽ മുറിച്ച മരങ്ങളുടെ പഴക്കം ഡിഎൻഎ പരിശോധനയിലൂടെ തെളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. വനംവകുപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഡിഎൻഎ പരിശോധന നടത്തിയത്. മുട്ടിൽ മരംമുറിക്കൽ കേസിൽ റിപ്പോർട്ട് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കേസിൽ പ്രതികൾക്ക് കുരുക്കാകുകയാണ് മരങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ അനുമതിക്കത്തുകൾ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെയാണ് കൂടുതൽ കുരുക്ക് മുറുകുന്നത്. പിടിച്ചെടുത്തത് മുറിച്ചു മാറ്റിയ മരങ്ങൾ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായാണ് വനംമന്ത്രി പറയുന്നത്.

അതേസമയം, മരം മുറിച്ച ഭൂമി പട്ടയഭൂമിയാണോ എന്ന് വ്യക്തമാക്കേണ്ടത് റവന്യൂ വകുപ്പാണ്. കുറ്റപത്രം സമർപ്പിക്കുന്നതിനായി എല്ലാ വിവരങ്ങളും വനംവകുപ്പ് നൽകിയിട്ടുണ്ട്. ഭൂവുടമകളുടെ പേരിൽ വില്ലേജ് ഓഫീസിൽ നൽകിയ കത്തുകളാണ് വ്യാജമെന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വില്ലേജ് ഓഫീസിൽ നൽകിയ ഏഴു കത്തുകളും എഴുതിയത് പ്രതി റോജി അഗസ്റ്റിനാണെന്ന് കൈയക്ഷര പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കത്തുകൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ചിരുന്നത്.