ആരാണ് യുവമോർച്ച നേതാവ് കെ ഗണേശൻ, എന്താണ് ആ പ്രസംഗം, സന്ദീപ് വാര്യരുടെ കൊലവിളിക്ക് കവചമൊരുക്കി മാധ്യമങ്ങൾ

0
106

സ്‌പീക്കർ എ എൻ ഷംസീർ ഒരു ചടങ്ങിൽ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനിച്ച്‌ ഹിന്ദുവിരുദ്ധമായി ചിത്രീകരിച്ച് സംസ്ഥാനമൊട്ടുക്ക് കുഴപ്പം ഉണ്ടാക്കാൻ നോക്കുന്നു എന്നത് വ്യക്തമാണ്. ഇതിന്റെ പേരിൽ യുവമോർച്ചയും ബിജെപിയും നിരന്തരമായി ഷംസീറിനെതിരെ കൊലവിളി ഉയർത്തുകയാണ്. ഇത്തരം കൊലവിളികൾക്കെതിരെയും ഭീഷണികൾക്കെതിരെയും സ്വാഭാവികമായി ഉണ്ടാകുന്ന പ്രതികരണങ്ങളെ സിപിഐ എം ആക്രമണങ്ങളായി ചിത്രീകരിച്ച് വാർത്ത കൊഴുപ്പിക്കുകയാണ് മാധ്യമങ്ങൾ. ‘യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും’: ഓണപ്പൂക്കളത്തിന്‍റെ ചിത്രവുമായി സന്ദീപ് ജി വാര്യർ ഇട്ട പോസ്റ്റ് കൃത്യമായ കൊലവിളി ആണെന്ന് അറിഞ്ഞിട്ടും ഒതുക്കുകയാണ് ഇക്കൂട്ടർ.

പ്രതിഷേധ മാർച്ചിന്റെ മറവിൽ ജൂലൈ 25 ന് യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി കെ ഗണേശൻ നടത്തിയ ആ കൊലവിളി- ഭീഷണി പ്രസംഗം ഇങ്ങനെ.

“സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കിൽ ഷംസീറിനോട് ഞങ്ങൾക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങൾ എല്ലാക്കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട് ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീർ എത്രയും പെട്ടന്ന് മാപ്പ് പറയണം. ഷംസീർ സ്പീക്കർ പദവി രാജി വെച്ച്, അധഃപതിച്ച സിപിഎമ്മുകാരനായി മാറിനിൽക്കണം. ഷംസീർ വർഗീയ സംഘർഷത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളെ നീചമായി അപമാനിക്കുന്നു. സ്പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് സിപിഎം നേതാവായി ഷംസീർ അധഃപതിച്ചിരിക്കുന്നു. മുസ്ലിം വോട്ട് ബാങ്കിനെ കണ്ടുകൊണ്ടുള്ള ശ്രമമാണ് ഇത്. ഹൈന്ദവ വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും ഈ സഭക്കകത്ത് വേണ്ടെന്ന് ഷംസീർ ആദ്യം പറഞ്ഞു. എം ബി രാജേഷിനും ശ്രീരാമകൃഷ്ണനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷംസീറിനുള്ളത്.

നിങ്ങൾക്കുറപ്പുണ്ടാകും ജോസഫ് മാഷിന്റെ കൈ പോയത് പോലെ ഷംസീറിന്റെ കൈ പോകില്ലെന്ന എന്നുള്ള വിശ്വാസം ആയിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെതന്നെ നിന്നുകൊള്ളണമെന്നില്ല. ഷംസീർ സ്പീക്കറായശേഷം നിയമസഭാ ഓഫീസിൽ നിന്ന് ഹൈന്ദ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ രൂപങ്ങളും ഉൾപ്പെടെ നീക്കം ചെയ്തു. നിയമസഭാ ഓഫീസിൽ ഹൈഡ് വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട നിലവിളക്കും രൂപങ്ങളും കൊത്തുപണികളും ഉണ്ടായിരുന്നു. ഷംസീർ സ്പീക്കറായി വന്നശേഷം പറഞ്ഞത് ഇത്തരത്തിൽ ഹിന്ദു വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും ഇവിടെ വേണ്ടെന്നാണ്. മുമ്പ് സ്പീക്കർമാരായിരുന്ന പൊന്നാനിയിൽ നിന്നുള്ള പി ശ്രീരാമകൃഷ്‌ണനും എം ബി രാജേഷിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷംസീറിനുള്ളത്. സുന്നത്ത് കഴിച്ചു എന്നതാണ് ആ പ്രത്യേകതയെങ്കിൽ അത് കയ്യിൽ വെച്ചോളൂ. പക്ഷെ ഹിന്ദു വിശ്വാസത്തെ എക്കാലവും ധിക്കരിക്കരുത്. എല്ലാ കാലവും ഇങ്ങനെ നിന്നുകൊള്ളുമെന്ന് ആരും കരുതേണ്ട. വേണ്ടിവന്നാൽ, എംഎൽഎ ഓഫീസിൽ കയറും കൈവെട്ടും തെരുവിൽ നേരിടുകയും ചെയ്യും. അതിൽ ഒരു സംശയവും വേണ്ട”.

എ എൻ ഷംസീർ ജനിച്ച മതത്തിന്റെ പേരടക്കം പറഞ്ഞ്‌ വിദ്വേഷം പ്രചരിപ്പിക്കുക മാത്രമല്ല, ഒരു ജനപ്രതിനിധിയെ ഓഫീസിൽ കയറി കൈ വെട്ടും നിന്നടക്കം ഭീഷണി മുഴക്കി ഗണേശൻ. എന്നിട്ടും പ്രസംഗത്തിന്റെ ചില ഏറ്റവും മൂലയും ചേർത്ത് അതിരൂക്ഷ വിമർശനം എന്ന പേരിൽ ഈ കൊലവിളി പ്രസംഗം മാധ്യമങ്ങൾ മൂലക്ക് ഒതുക്കി.

ഹിന്ദു വിശ്വാസങ്ങൾ എതിർത്താൽ പഴയ കാലത്തെ തിരുവോണ അനുഭവം ഉണ്ടാകുമെന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ ആക്രോശിക്കുന്നത്. സിപിഐ എം നേതാവ് പി ജയരാജനെ 1999 ൽ തിരുവോണ നാളിൽ ആർ എസ് എസ് അക്രമിസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. കിഴക്കേ കതിരൂരിലെ വീട്ടിൽ ആർഎസ്എസ് ഭീകരസംഘം വെട്ടിനുറുക്കി. ഇടത് കൈയ്യിലെ പെരുവിരൽ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളർന്നു. നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. അന്നത്തേതുപോലെ വീണ്ടും അനുഭവിക്കേണ്ടി വരും എന്നാണ് സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കൊലവിളി ഉയർത്തുന്നത്. ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യർ കുറിച്ചത് ഇങ്ങനെ, ”യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും” എന്നാണ് സന്ദീപ് വാര്യരുടെ കൊലവിളി ഭീഷണി. ആർക്കും ഒരു പ്രശ്നവുമുണ്ടായില്ല. ഒരാളും ഒന്നും മിണ്ടിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നില്ല.

 

ബിജെപി നേതാക്കളുടെ കൊലവിളിയും ഭീഷണിയും ഒളിപ്പിക്കുന്ന മാധ്യമങ്ങൾ സിപിഐ എമ്മിനെ മാത്രം കുറ്റക്കാരാക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ തലശേരി പൊതുയോഗ വാർത്തകളുടെ റിപ്പോർട്ടിങ്. സ്പീക്കർ എ എൻ ഷംസീറിനെ ഓഫീസിൽ കയറി കൈ വെട്ടുമെന്ന്‌ യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി പരസ്യമായി ഭീഷണി മുഴക്കിയിട്ടും അതൊന്നും മാധ്യമങ്ങൾക്ക് വിഷയമല്ല.

മുമ്പൊരിക്കൽ തിരുവോണ നാളിൽ വീട്ടിൽ കയറി പി ജയരാജനെ വെട്ടിക്കീറിയതുപോലെ വീണ്ടും അരിഞ്ഞിടുമെന്ന് സന്ദീപ് വാര്യർ കൊലവിളി നടത്തിയതും ആർക്കും വാർത്തയായില്ല. എന്നാൽ, ഇത്തരം പ്രകോപനങ്ങൾക്കെതിരെ പി ജയരാജൻ പ്രതികരിച്ചപ്പോൾ അതെടുത്തിട്ട് അലക്കി വിവാദമാക്കുകയാണ് മാധ്യമങ്ങൾ. ഷംസീറിനെ തൊട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും ആക്രമിക്കാൻ ശ്രമിച്ചാൽ അതിശക്തമായ ജനകീയ പ്രതിഷേധമുണ്ടാവും എന്നും പി ജയരാജൻ പറഞ്ഞിട്ടുണ്ട്. നേരിടുമെന്നൊക്കെയുള്ള യുവമോർച്ച നേതാവിന്റെ ഭീഷണി കൈയിൽവച്ചാൽ മതി. ജോസഫ്‌ മാഷുടെ കൈവെട്ടിയത്‌ പോലെ സ്‌പീക്കർ എ എൻ ഷംസീറിന്‌ നേരെ വന്നാൽ യുവമോർച്ചക്കാർ വിവരമറിയുമെന്നും പറഞ്ഞപ്പോൾ യുവമോർച്ചക്കാരെക്കാൾ കൂടുതൽ പൊള്ളിയത് മാധ്യമങ്ങൾക്കാണ്.

കേരളത്തിൻ്റെ പുരോഗമന ജനാധിപത്യ ജാഗ്രത ഇല്ലാതാക്കാൻ മാധ്യമങ്ങൾ കുറെ നാളായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. വർഗീയതയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും യുവമോർച്ച-ബിജെപി കൊലവിളി കേൾക്കാതിരിക്കുന്നതും സ്വാഭാവികം.