നവരാത്രി ആഘോഷം ;ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റിയേക്കും

0
174

ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റാന്‍ സാധ്യത. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിൽ നിശ്ചയിച്ചിരിക്കുന്ന മത്സരം നവരാത്രിയോടനുബന്ധിച്ച് മാറ്റുമെന്നാണ് വിവരം. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് മത്സരമെന്നതിനാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ മത്സരത്തിന്റെ തീയതി മാറ്റാന്‍ ബിസിസിഐയോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. നവരാത്രി ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാല്‍ ഉണ്ടായേക്കാവുന്ന തിരക്കും മറ്റും കണക്കിലെടുത്താണ് സുരക്ഷാ ഏജന്‍സികള്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും കളി കാണാന്‍ ഇത്രയധികം ആളുകള്‍ നവരാത്രി ആഘോഷങ്ങളുടെ തിരക്കില്‍ എത്തുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ തീയതി മാറ്റാന്‍ തീരുമാനിച്ചാല്‍ അത് നേരത്തേ ടിക്കറ്റും താമസൗകര്യവും മറ്റും ബുക്ക് ചെയ്തവർക്ക് തിരിച്ചടിയാകും.

അതേസമയം ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റഴിഞ്ഞിരുന്നു. മാത്രമല്ല മത്സരം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകള്‍ പലതും നേരത്തേ തന്നെ ആരാധകര്‍ ബുക്ക് ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് വിമാന ടിക്കറ്റ് വിലയും ഹോട്ടല്‍ വാടകയും ഇരട്ടിയിലധികമായിരുന്നു. വലിയ വിലയ്ക്ക് ഇവ ബുക്ക് ചെയ്തവര്‍ക്ക് സാമ്പത്തികമായും നഷ്ടം സംഭവിക്കും.