വാങ്‌ യി ചൈനയുടെ പുതിയ വിദേശമന്ത്രി, ചിന്‍ ​ഗാങിനെ പദവിയില്‍ നിന്നും പുറത്താക്കി

0
114

ഒരു മാസത്തോളമായി പൊതുജനമധ്യത്തില്‍ നിന്നും അകന്നുനില്‍ക്കുന്ന വിദേശമന്ത്രി ചിന്‍ ​ഗാങിനെ പദവിയില്‍ നിന്നും പുറത്താക്കി ചൈന. പുതിയ വിദേശ മന്ത്രിയായി വാങ് യിയെ തെരഞ്ഞെടുത്തു. ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം വോട്ടെടുപ്പിലൂടെയാണ് വാങ് യിയെ പുതിയ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
69 കാരനായ വാങ് യി 2013 മുതല്‍ 2022 വരെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടറുമായിരുന്നു. ഒരു മാസത്തിലേറെയായി വാങ് യിയാണ് പ്രസിഡന്റ് ഷീ ജിന്‍ പിങിനൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നത്.

2022 ഡിസംബറിലാണ് യുഎസിലെ ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിമാരിൽ ഒരാളായി 57 കാരനായ ചിന്‍ ഗാങ് ചുമതലയേറ്റത്.‍ ശ്രീലങ്ക, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ 25 ന് ശേഷം ഇദ്ദേഹത്തെ ആരും പൊതുവേദികളിൽ കണ്ടിട്ടില്ല. മാധ്യമങ്ങൾക്കും അദ്ദേ​ഹം യാതൊരു പ്രതികരണവും നൽകിയിരുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിംഗുകളിലും വിവരങ്ങൾ ഉണ്ടായിരുന്നില്ല. ചില ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്നാണ് മന്ത്രാലയം പിന്നീട് പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് വാങ്‌ യിയെ പുതിയ വിദേശമന്ത്രിയായി തെരഞ്ഞെടുത്തത്.