1842ൽ വെറും 295 രൂപ മുതൽമുടക്കിൽ ഒരു കൂട്ടം ബ്രിട്ടീഷ് വ്യവസായികൾ ചേർന്നാണ് ബ്രിട്ടാനിയ സ്ഥാപിച്ചത്. തുടക്കത്തിൽ, സെൻട്രൽ കൊൽക്കത്തയിലെ ഒരു ചെറിയ വീട്ടിലാണ് നിർമാണം നടത്തിരുന്നത്. പിന്നീട്, നളിൻ ചന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള ഗുപ്ത സഹോദരന്മാർ ഈ കമ്പനി ഏറ്റെടുത്തു. അതിനുശേഷം “V.S. ബ്രദേഴ്സ്” എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് 1918-ൽ സി.എച്ച്. കൊൽക്കത്ത ആസ്ഥാനമായുള്ള ഇംഗ്ലീഷ് വ്യവസായിയായ ഹോംസിനെ ഒരു പങ്കാളിയായി സ്വീകരിച്ചു. ഒടുവിൽ ബ്രിട്ടാനിയ ബിസ്‌ക്കറ്റ് കമ്പനി ലിമിറ്റഡ് (ബിബിസിഒ) ആരംഭിച്ചു. 1924ൽ മുംബൈയിയൽ ഫാക്ടറി സ്ഥാപിതമായി. പീക്ക് ഫ്രീൻസ് യുകെ ബിബിസിഒയിൽ ഒരു നിയന്ത്രണ താൽപ്പര്യം നേടി.
രണ്ടാം ലോക മഹായുദ്ധ കാലത്തെ ബിസ്കറ്റ് കച്ചവടം
രണ്ടാം ലോകമഹായുദ്ധസമയത്ത് (1939-1945) ബിസ്‌ക്കറ്റിന് ആവശ്യക്കാർ ഏറെയുണ്ടായിരുന്നതിനാൽ, ബ്രിട്ടീഷ് പട്ടാളത്തിന് ബിസ്‌ക്കറ്റുകൾ വിതരണം ചെയ്യുവാൻ തുടങ്ങിയത് ബ്രിട്ടാനിയയുടെ വിൽപ്പനയ്ക്ക് ഉത്തേജനം നൽകി. പിന്നീട്, കമ്പനിയുടെ പേര് 1979-ൽ നിലവിലുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നാക്കി മാറ്റി. 1982ൽ, അമേരിക്കൻ കമ്പനിയായ നാബിസ്കോ ബ്രാൻഡ്സ് ഐഎൻസി പീക്ക് ഫ്രീൻസിന്റെ മാതൃ കമ്പനിയെ ഏറ്റെടുക്കുകയും ഒരു പ്രധാന വിദേശ ഓഹരി ഉടമയായി മാറുകയും ചെയ്തു.
1979 ന് ശേഷം ബിസ്‌ക്കറ്റുകളുടെയും ബ്രെഡിന്റെയും സംയോജിത വിൽപ്പന ബ്രിട്ടാനിയയെ അസാധാരണമായ വേഗതയിൽ വളരാൻ അനുവദിച്ചു. എന്നിരുന്നാലും, ബ്രാൻഡിന്റെ ജനപ്രീതി അപ്പോഴും രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമായി പരിമിതപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിലേക്ക് കമ്പനി വളരണമെങ്കിൽ തങ്ങളുടെ ബ്രാൻഡ് നാമം വിപുലീകരിക്കേണ്ടതുണ്ടെന്ന് കമ്പനി മനസ്സിലാക്കി. അതാണ് 1997ൽ ബ്രിട്ടാനിയ ഡയറി പ്രൊഡക്ടുകൾ ആരംഭിക്കുന്നതിലേക്ക് നയിച്ചത്. അതോടൊപ്പം രാജ്യത്തുടനീളം നിരവധി നിർമ്മാണ പ്ലാന്റുകൾ ആരംഭിക്കാനും അവർക്ക് കഴിഞ്ഞു.
1997ൽ തന്നെ ടൈഗർ ബിസ്‌ക്കറ്റ്, ചെക്കേഴ്സ്, ജിം ജാംസ് തുടങ്ങിയ വൈവിധ്യമാർന്ന ബിസ്കറ്റുകൾ അവതരിപ്പിച്ചു. ഈ ബിസ്കറ്റുകളെല്ലാം ഇപ്പോഴും ജനപ്രിയമാണ്. താങ്ങാനാവുന്ന വിലയും രുചിയും ഗുണനിലവാരവും ഇത്രയും കാലം കഴിഞ്ഞിട്ടും ബ്രിട്ടാനിയയെ ജനപ്രിയമായി തുടരാൻ പ്രാപ്തമാക്കി. 50-50, മാരിഗോൾഡ്, ന്യൂട്രിചോയ്‌സ്, ഗുഡ് ഡേ, പ്യുവർ മാജിക്, മിൽക്ക് ബിക്കിസ്, ബർബൺ, നൈസ് ടൈം, ലിറ്റിൽ ഹാർട്ട്‌സ് എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. കൂടാതെ ഇപ്പോൾ പനീറും, ചീസും, മിൽക്ക്ഷെയ്ക്കും, നെയ്യും,ഡയറി വൈറ്റ്നറുമൊക്കെ ഈ നിരയിലുണ്ട്.
ആകർഷകമായ പരസ്യങ്ങളാണ് ബ്രിട്ടാനിയ ബിസ്കറ്റുകളുടെ ജനപ്രീതിക്ക് കാരണമായത്. മിൽക്ക് ബികിസിന്റെ പരസ്യവാചകം അറിയാത്ത ഒരു മലയാളി പോലും ഉണ്ടായിരിക്കില്ല. 50-50യും അങ്ങനെ തന്നെ. ഗുഡ് ഡേ ബിസ്കറ്റിന്റെ പരസ്യവും, ടോസ്ടീ റസ്കിന്റെ പരസ്യവും ജനപ്രീതി നേടിയവയാണ്.
2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 47% വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം വർഷാവർഷം (YoY) 52.3% ഉയർന്ന് 2,322 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർഷാവർഷം 15.3% വർധിച്ച് 16,300.55 കോടി രൂപയായി. നിലവിൽ, ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ തലവൻ രജ്നീത് കോഹ്‌ലിയും (സിഇഒ) വരുൺ ബെറിയുമാണ് (എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും എംഡിയും).