ഫാഷൻ ഗോൾഡ് തട്ടിപ്പ്; തന്റെ വ്യാജ  ഒപ്പിട്ട് രേഖയുണ്ടാക്കി, കേസ് കൊടുക്കുമെന്ന് ഷുക്കൂർ വക്കീൽ, മാധ്യമങ്ങളും കുടുങ്ങും

0
249

 

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഇരകൾക്കൊപ്പം നിന്ന്‌ പോരാടിയതിന്‌ തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന്‌ അഡ്വ. സി ഷുക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിലുള്ളവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഷുക്കുർ വക്കീൽ പറഞ്ഞു. നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി കളനാട് സ്വദേശി എസ് കെ മുഹമ്മദ് കുഞ്ഞിയുടെ ഹർജിയിൽ ഷുക്കൂറിനെതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.

ഫാഷൻ ഗോൾഡ് കമ്പനി ഡയറക്ടറാക്കാൻ, അന്ന്‌ നാട്ടിലില്ലാത്ത എസ് കെ മുഹമ്മദ് കുഞ്ഞിക്ക് അഭിഭാഷകൻ സി ഷുക്കൂർ നോട്ടറി ഒപ്പിട്ട്‌ നൽകിയെന്നാണ്‌ പരാതി. എന്നാൽ നോട്ടറിയിൽ തന്റെ വ്യാജ ഒപ്പാണുള്ളതെന്ന്‌ സി ഷുക്കൂർ പറഞ്ഞു. സീലും വ്യാജമായി ഉണ്ടാക്കിയിട്ടുണ്ടാകം. ഈ കേസിൽ അന്വേഷണം പൂർത്തിയായാൽ താൻ മാനനഷ്ടത്തിന്‌ കേസുകൊടുക്കും. വ്യാജരേഖ വച്ച്‌ തനിക്കെതിരെ നിരന്തരം വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും കേസ്‌ കൊടുക്കും.

തനിക്തെിരായ ഗൂഢാലോചനയ്‌ക്ക്‌ പിന്നിൽ രാഷ്ട്രീയ കാരണങ്ങളുമുണ്ടാകും. അഭിഭാഷകൻ, പൊതു പ്രവർത്തകൻ, സിനിമാ നടൻ തുടങ്ങിയ നിലയിലുണ്ടാക്കിയ സൽപേര്‌ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ്‌ ഉണ്ടായത്‌. നിക്ഷേപ തട്ടിപ്പുകേസിൽ അവസാനം വരെയും ഇരകൾക്കായി പൊരുതി. മുൻ ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെതടക്കം ആറിടത്തെ ആസ്‌തികൾ പിടിച്ചെടുത്ത്‌ 140ൽ അധികം ഇരകൾക്ക്‌ നഷ്ടപരിഹാരം നൽകാൻ നടപടിയായി. സാമ്പത്തിക കുറ്റകൃത്യത്തിൽ ഇത്രവേഗത്തിൽ നടപടിയുണ്ടായതും തനിക്കെതിരായ ഗൂഡാലോചനയ്‌ക്ക്‌ കാരണമായതായി സി ഷുക്കുർ പറഞ്ഞു.