പോത്തിന്റെ ഉടമസ്ഥ തർക്കം; ‘ലവ് ടെസ്റ്റ്’ നടത്തി ഉടമസ്ഥനെ കണ്ടെത്തി തമിഴ്നാട് പോലീസ്

0
131

തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പോത്തിന്റെ ഉടമസ്ഥ തർക്കം പരിഹരിക്കാൻ നടത്തിയ ‘സ്നേഹപരീക്ഷ’യിൽ വിജയിച്ചയാൾക്കൊപ്പം പോത്തിനെ വിട്ടയച്ച് തമിഴ്നാട് പോലീസ്. വിസിലടിക്കുന്ന ശബ്ദം കേട്ടാണ് പോത്ത് തന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞത്.

ചിദംബരത്തിനടുത്തുള്ള വീരചോഴൻ ഗ്രാമത്തിലെ കന്നുകാലി കർഷകയായ ദീപ തന്റെ കൃഷിയിടത്തിൽ നിന്ന് ആറ് പോത്തുകളെ കാണാതായതായി ആറ് മാസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. വീരചോഴൻ ഗ്രാമത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പഴഞ്ചനല്ലൂർ ഗ്രാമത്തിലെ പളനിവേലിന്റെ കൂടെയാണ് തന്റെ പോത്തുകളെന്ന് പിന്നീട് കണ്ടെത്തിയതായും ദീപ പറഞ്ഞു. എന്നാൽ റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പോത്തുകളെ തന്റെ ഫാമിലേക്ക് കൊണ്ടു വന്നതാണെന്നാണ് പളനിവേൽ പറഞ്ഞത്. റോഡിൽ നിന്നും പളനിവേൽ കണ്ടെത്തിയ അഞ്ചു പോത്തുകളെ ദീപ തിരികെ തന്റെ ഫാമിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

ഒരാഴ്ച മുമ്പ് പഴഞ്ചനല്ലൂർ ഗ്രാമത്തിലെത്തിയ ദീപയുടെ ബന്ധുക്കളിലൊരാളാണ്, കാണാതായ ആറാമത്തെ പോത്തും പളനിവേലിന്റെ ഫാമിൽ ഉണ്ടെന്ന് ദീപയെ അറിയിച്ചത്. ഈ പോത്തിനെ തിരികെ കൊണ്ടുവരാൻ തിങ്കളാഴ്ച ദീപ പഴഞ്ചനല്ലൂരിലെത്തി. എന്നാൽ പോത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. മാസങ്ങൾക്ക് മുൻപ് താൻ വാങ്ങിയ പോത്താണ് ഇതെന്നാണ് പളനിവേൽ പറഞ്ഞത്. നാട്ടുകാരും അദ്ദേഹത്തിന്റെ വാദത്തെ പിന്തുണച്ചു. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ദീപ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, ഇരുവരെയും കാട്ടുമണ്ണാർകോവിൽ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.

പോത്തിനെയും ഒപ്പം കൊണ്ടുവരാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോത്ത് ദീപയ്ക്കു പിന്നാലെയാണ് പോയത്. ഇത് ചൂണ്ടിക്കാണിച്ച് പോത്ത് തന്റെതാണെന്ന് ദീപ അവകാശപ്പെട്ടു. പോത്തിന്റെ ചില പഴയ ഫോട്ടോകളും തെളിവായി കാണിച്ചു. എന്നാൽ, ദീപയുടെ പോത്തിനെ കാണാതാകുന്നതിന് മുൻപേ തന്നെ പളനിവേലിന്റെ ഫാമിൽ ഈ പോത്തുണ്ടായിരുന്നുവെന്ന് പഴഞ്ചനല്ലൂർ ഗ്രാമവാസികൾ പറഞ്ഞു.

ഈ വാദ പ്രതിവാ​ദങ്ങൾക്കെല്ലാം പിന്നാലെയാണ് പോലീസ് ഒരു ‘സ്നേഹപരീക്ഷ’ നടത്തിയത്. പളനിവേലിന്റെ വിസിലടി കേട്ടപ്പോൾ പോത്ത് ഇയാൾക്കൊപ്പം പോകുകയായിരുന്നു. ദീപയ്ക്കൊപ്പം പോകാൻ പോത്ത് മടി കാണിക്കുകയും ചെയ്തു. തത്കാലത്തേക്ക് പോത്തിനെ പളനിവേലിന് കൊണ്ടുപോകാം എന്നും, ബുധനാഴ്ച ഇരു കൂട്ടരുടെയും വാദങ്ങളെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകൾ ഹാജരാക്കണമെന്നും പോലീസ് നിർദേശിച്ചു. പക്ഷേ, തെളിവുകളുമായി ആരും ബുധനാഴ്ച പോലീസ് സ്റ്റേഷനിൽ ഹാജരായില്ല. തർക്കത്തിന് ന്യായമായ പരിഹാരം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.