റാന്‍സംവെയര്‍ വൈറസായ ‘അകിര’യെ സൂക്ഷിക്കണമെന്ന് മുന്നറിപ്പ് – കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സി

0
106

റാന്‍സംവെയര്‍ വൈറസായ ‘അകിര’യെ സൂക്ഷിക്കണമെന്ന് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സി. വിന്‍ഡോസിലും ലിനക്‌സിലും പ്രവര്‍ത്തിക്കാന്‍ ഈ വൈറസിന് കഴിയും. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഇതു വച്ച് വിലപേശുന്നതാണ് അകിരയുടെ പ്രവര്‍ത്തന രീതി. അകിര റാന്‍സംവെയറിന്റെ ആക്രമണം രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്, അതിനാല്‍ ഉപയോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയപ്പ് നല്‍കി.

അകിര എന്ന പേരില്‍ സൈബര്‍ സ്‌പെയ്‌സില്‍ സജീവമായ റാന്‍സംവെയര്‍ ഓപ്പറേഷന്‍സ് വ്യക്തികളുടെ ഡിവൈസുകളിലേയ്ക്ക് കടന്നു കയറി സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് വെച്ച് പണം ആവശ്യപ്പെടും. പണം കൊടുക്കാന്‍ വിസമ്മതിച്ചാല്‍ തട്ടിയെടുത്ത സ്വകാര്യവിവരങ്ങള്‍ ഡാര്‍ക്ക് വെബ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. ഇരകളുടെ കംമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ പലവിധ ടൂളുകള്‍ ഹാക്കേഴ്‌സ് ഉപയോഗിക്കും. ഇത് പലപ്പോഴും കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അറിയണമെന്നില്ല.

ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവാതിരിക്കാന്‍ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളും പിന്തുടരണമെന്ന് സിഇആര്‍ടി-ഇന്‍ നിര്‍ദേശിക്കുന്നു. വിലപ്പെട്ട രേഖകളുടെ ഓഫ്‌ലൈന്‍ ബാക്കപ്പുകള്‍ സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. മള്‍ട്ടി- ഫാക്ടര്‍ ഒതന്റിക്കേഷന്‍ സുരക്ഷ ഉറപ്പുവരുത്തുക, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും കൃത്യസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുക, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.