ക്രെഡിബിലിറ്റി എന്നൊന്നുണ്ട് മിസ്റ്റർ നികേഷ്, മുതലാളിക്ക് മൈക്ക് കൊടുത്ത് താങ്കൾ വാഴ വെട്ടാൻ പോയോ

0
159

മുതിർന്ന മാധ്യമപ്രവർത്തകൻ എം വി നികേഷ്കുമാറും സഹപ്രവർത്തകരും ഇപ്പോൾ വില്പനക്ക് വെക്കുന്നത് തങ്ങളുടെ ക്രെഡിബിലിറ്റിയാണെന്ന വിമർശനവുമായി ബഷീർ വള്ളിക്കുന്ന്. ഇന്നുവരെ ടെലിവിഷൻ മാധ്യമ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്തയത്ര ഗതികേടിലാണ് നികേഷ് കുമാർ അടക്കമുള്ളവർ കടന്നുപോകുന്നതെന്ന് ബഷീർ പറയുന്നു. പക്ഷം പിടിക്കാതെ, നിഷ്പക്ഷമായി ഈ ചർച്ച നടത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് അഞ്ചോ ആറോ തവണയെങ്കിലും ആവർത്തിച്ച പറയേണ്ടിവരുന്നു മുതിർന്ന മാധ്യമപ്രവർത്തകന്റെ ഗതികേടിനെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബഷീർ തുറന്നുകാട്ടുന്നു.

സ്വന്തം മുതലാളി തന്നെ പ്രമാദമായ ഒരു മരംകൊള്ള കേസിൽ പ്രതിയായിരിക്കുമ്പോൾ പുള്ളിയെ വെളുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ കണ്ട ജനങ്ങൾ മൂക്കാത്ത വിരൽ വെച്ചിട്ടുണ്ടാകും. ഇന്നുവരെ ഏതെങ്കിലും ഒരു കേസിലെ പ്രധാന പ്രതിക്ക് പറയാനുളളത് മുഴുവൻ പറഞ്ഞു തീർക്കാൻ രണ്ട് മണിക്കൂർ നീക്കി വെച്ച ഒരു ചർച്ച താങ്കളുടെ ടെലിവിഷൻ ജീവിതത്തിലുണ്ടായിട്ടുണ്ടോ എന്നും ബഷീർ ചോദിക്കുന്നു. പ്രതിയായ മുതലാളി നാല്പത് മിനിറ്റ് നേരം സംസാരിക്കുമ്പോൾ തലതാഴ്ത്തി ഒരു കേൾവിക്കാരനായി ഇരിക്കുകയായിരുന്നു. ഇടപെടലിന്റെ ഒരു ശബ്ദവും താങ്കളിൽ നിന്ന് കേൾക്കാതെയായപ്പോൾ ഞാൻ സംശയിച്ചു, അദ്ദേഹത്തിന് മൈക്ക് കൊടുത്ത് താങ്കൾ വാഴ വെട്ടാൻ പോയോ എന്നും ബഷീർ പോസ്റ്റിൽ ചോദിക്കുന്നു.

ബഷീറിന്റെ കുറിപ്പ് ഇങ്ങനെ-

മുതലാളി ആന്റോ അഗസ്റ്റിനെ ചാനൽ മുറിയിൽ ഇരുത്തിക്കൊണ്ടുള്ള നികേഷിന്റെ ഡിബേറ്റ് കണ്ടു.

മുട്ടിലിൽ സംഭവിക്കുന്നതെന്ത് എന്ന ടൈറ്റിലിൽ രണ്ട് മണിക്കൂർ ചർച്ച. ആ ചർച്ചയിൽ ആന്റോ അഗസ്റ്റിൻ വിശദീകരിച്ച കാര്യങ്ങളെക്കുറിച്ച് ഈ കുറിപ്പിൽ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല, അന്വേഷണം നടക്കുന്ന കേസാണ്. കുറ്റപത്രം വരട്ടെ. എന്നാൽ നികേഷിനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. മാധ്യമ നൈതികതയുമായി ബന്ധപ്പെട്ട്. താങ്കളുടെ ടെലിവിഷൻ ജീവിതത്തിൽ വിവാദമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. നിരവധി കേസുകളേയും ആരോപണങ്ങളെയും ഇഴകീറി വിശകലനം ചെയ്തിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊരു ചർച്ചയിൽ കേസിലെ പ്രധാന പ്രതിക്ക് പറയാനുളളത് മുഴുവൻ പറഞ്ഞു തീർക്കാൻ രണ്ട് മണിക്കൂർ നീക്കി വെച്ച ഒരു ചർച്ച താങ്കളുടെ ടെലിവിഷൻ ജീവിതത്തിലുണ്ടായിട്ടുണ്ടോ?

ഇല്ല, ഒരെണ്ണം കാണില്ല. പിന്നെ ഈ കേസിൽ മാത്രം എന്ത് കൊണ്ട് അങ്ങിനെയൊരു ചർച്ചയുണ്ടായി.. ഒരൊറ്റ ഉത്തരമേയുള്ളൂ, പ്രതി സ്വന്തം മുതലാളിയാണ്. ചർച്ചയിൽ ആന്റോ അഗസ്റ്റിൻ സംസാരിച്ചത് ഏതാണ്ട് നാല്പത് മിനുട്ടോളമാണ്. താങ്കൾ തലതാഴ്ത്തി ഒരു കേൾവിക്കാരനായി ഇരിക്കുകയായിരുന്നു. ഇടപെടലിന്റെ ഒരു ശബ്ദവും താങ്കളിൽ നിന്ന് കേൾക്കാതെയായപ്പോൾ ഞാൻ സംശയിച്ചു, അദ്ദേഹത്തിന് മൈക്ക് കൊടുത്ത് താങ്കൾ വാഴ വെട്ടാൻ പോയോ എന്ന്.

പ്രിയപ്പെട്ട നികേഷ്, താങ്കളുടെ ടെലിവിഷൻ ജീവിതത്തിൽ ഒരു ഡിബേറ്റിൽ നാല്പത് മിനിട്ട് സംസാരിച്ച ഏതെങ്കിലും ഒരു പ്രതിയുണ്ടോ? പ്രതി പോകട്ടെ, വാദിയുണ്ടോ? ഒരെണ്ണം ഉണ്ടാകില്ല, പിന്നെ എന്ത് കൊണ്ട് ഇപ്പോഴുണ്ടായി. ഒരൊറ്റ ഉത്തരമേയുള്ളൂ, പ്രതി സ്വന്തം മുതലാളിയാണ്.
ചർച്ചയിൽ പങ്കെടുത്ത എല്ലാവരുടേയും പേരുകൾക്ക് നേരെ അവരുടെ പ്രാതിനിധ്യം സൂചിപ്പിക്കുന്ന ടൈറ്റിലുകൾ കൊടുത്തിരുന്നു. സലിം മടവൂരിന് എൽ ജെ ഡി, രാഹുൽ ഈശ്വറിന് സാമൂഹിക നിരീക്ഷകൻ, കെ പി നൗഷാദ് അലിക്ക് കോൺഗ്രസ്സ്, അഡ്വ. ജോസഫ് മാത്യുവിന് അഭിഭാഷകൻ എന്നിങ്ങനെ എല്ലാവരുടെയും പേരുകൾക്ക് താഴെ ടൈറ്റിലുകൾ മാറി മാറി വന്നു. പക്ഷേ ആന്റോ അഗസ്റ്റിന്റെ പേരിന് മാത്രം വിശേഷണമില്ല. അവിടെ ആന്റോ അഗസ്റ്റിൻ എന്ന് തന്നെ വീണ്ടും വന്നു. മറ്റാരെങ്കിലുമായിരുന്നു ഈ കേസിലെ പ്രതിയെങ്കിൽ, അയാളായിരുന്നു ആ ചർച്ചയിൽ പങ്കെടുത്തിരുന്നത് എങ്കിൽ ആ പേരിന് താഴെ “മരം മുറി കേസിലെ പ്രതി” എന്ന് കൃത്യമായി ഒരു ടൈറ്റിൽ ഉണ്ടാകുമായിരുന്നു.
ഇവിടെ എന്ത് കൊണ്ട് അതുണ്ടായില്ല, ഒരൊറ്റ ഉത്തരമേയുള്ളൂ, പ്രതി സ്വന്തം മുതലാളിയാണ്.

ചർച്ചയിൽ ഉടനീളം താങ്കൾ ആവർത്തിച്ച ഒരു വാചകമുണ്ട്. പക്ഷം പിടിക്കാതെ, നിഷ്പക്ഷമായി ഈ ചർച്ച നടത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്ന്. അഞ്ചോ ആറോ തവണയെങ്കിലും അങ്ങിനെയൊരു സ്റ്റേറ്റ്മെന്റ് താങ്കൾ പറഞ്ഞു കാണും. താങ്കൾ താങ്കളെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പോലെ.. ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് നിരന്തരം ആവർത്തിക്കേണ്ട ഗതികേട് താങ്കളുടെ ടെലിവിഷൻ ജീവിതത്തിൽ എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇല്ല… ഉണ്ടാകില്ല… പിന്നെ ഇപ്പോൾ എന്ത് കൊണ്ട് ഉണ്ടായി… ഒരൊറ്റ ഉത്തരമേയുള്ളൂ, പ്രതി സ്വന്തം മുതലാളിയാണ്.

ഒരു കാര്യം അർത്ഥശങ്കക്കിടയില്ലാതെ പറയട്ടെ, താങ്കളും താങ്കളുടെ സഹപ്രവർത്തകരും ഇപ്പോൾ വില്പനക്ക് വെക്കുന്നത് നിങ്ങളോരോരുത്തരുടേയും ക്രെഡിബിലിറ്റിയാണ്. നാളിതുവരെയുള്ള മാധ്യമ പ്രവർത്തനത്തിലൂടെ നിങ്ങളോരോരുത്തരും ഉണ്ടാക്കിയെടുത്ത നിങ്ങളുടെ തന്നെ മേൽവിലാസമാണ്.