അല്ലു അർജുൻ ത്രെഡ്‌സിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി

0
127

മലയാളികളുടെ പ്രിയപ്പെട്ട തെലുങ്ക് താരം അല്ലു അർജുൺ ത്രെഡ്‌സിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ഇതോടെ ത്രെഡ്‌സിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൺ.

2021ൽ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെ അല്ലു അർജുൺ പാന്‍ ഇന്ത്യന്‍ നിലവാരത്തില്‍ താരപരിവേഷം നേടിയിരുന്നു. ബ്ലോക്ക് ബസ്റ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.

പുഷ്പ 350 കോടി രൂപയിലധികം കളക്ട് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വളരെ പെട്ടെന്ന് തന്നെ അനൗൺസ് ചെയ്തിരുന്നു. അല്ലു അർജുന്‍ പുഷ്പയായും ഫഹദ് ഫാസില്‍ ഭന്‍വര്‍ സിങ് ഷെഖാവത്തായും വീണ്ടും വരുമ്പോൾ തീപ്പൊരിപാറുമെന്നുറപ്പാണ്. ഇരുവരും തമ്മില്‍ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ പുഷ്പ 2ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. അല്ലു അർജുന്റെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തിലുള്ളത്.

ഭന്‍വര്‍ സിങ് ഷെഖാവത്താകാന്‍ വന്‍തുകയാണ് പ്രതിഫലമായി ഫഹദ് ഫാസില്‍ വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് കോടി രൂപയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നെനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം.