പ്ലസ് വണിന് 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിച്ചതായി പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുന്നതിനായാണ് ബാച്ചുകൾ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ബാച്ചുകൾ അനുവദിക്കുന്നത്. 97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.
നിലവിൽ 97 അധിക ബാച്ചുകൾ കൂടി മലബാർ മേഖലയിൽ അനുവദിച്ചിട്ടുണ്ട്. പാലക്കാട് – 4, കോഴിക്കോട് – 11, മലപ്പുറം – 53, വയനാട് – 4, കണ്ണൂർ – 10 കാസർകോട് – 15 എന്നിങ്ങളെയാണ് പുതുതായി അനുവദിച്ച ബാച്ചുകൾ. ഇതിൽ 17 സയൻസ് ബാച്ചുകളും 52 ഹ്യുമാനിറ്റീസ് ബാച്ചുകളും 28 കൊമേഴ്സ് ബാച്ചുകളും ഉൾപ്പെടുന്നു. ഇതോടെ മലബാർ മേഖലയിൽ ആകെ അനുവദിക്കപ്പെട്ട ബാച്ചുകളുടെ എണ്ണം 111 ആയി. ണ്. സർക്കാർ സ്‌കൂളുകളിൽ 12 സയൻസ് ബാച്ചുകളും 35 ഹ്യുമാനിറ്റീസ് ബാച്ചുകളും, 10 സയൻസ്ബാച്ചുകളുമാണ് അനുവദിച്ചത്. എയ്ഡഡ് സ്‌കൂളുകളിൽ 5 സയൻസ് ബാച്ചുകളും 17 ഹ്യൂമാനിറ്റീസ് ബാച്ചുകളും 18 കോമേഴ്‌സ് ബാച്ചുകളുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
97 അധികബാച്ചുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് 5820 സീറ്റുകളുടെ വർധനവാണ് ഉണ്ടാകുന്നത്. ഇതുവരെയുള്ള മാർജിനൽ സീറ്റ് വർധനവ്, അധിക താത്കാലിക ബാച്ച് എന്നിവകളിലൂടെ സർക്കാർ സ്‌കൂളുകളിൽ 37,685 കുട്ടികളുടെയും എയ്ഡഡ് സ്‌കൂളുകളിൽ 28,787 സീറ്റുകളുടെയും വർധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം ആദ്യം തന്നെ വിവിധ ജില്ലകളിൽ നിന്ന്14 ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതിൽ 12 സയൻസ് ബാച്ചുകളും 2 ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടുന്നു. പ്രവേശനത്തിന് മുമ്പ് തന്നെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ സീറ്റുകൾ അനുവദിച്ചിരുന്നു. വീണ്ടും എല്ലാ സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റുകളും ആവശ്യപ്പെടുന്ന സ്കൂളുകളിൽ 10 ശതമാനവും സീറ്റുകൾ അനുവദിച്ചിരുന്നു.