ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

0
222

കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു .

ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലാണ് ചക്രവാതചുഴി സ്ഥിതിചെയ്യുന്നത്. കച്ചിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.