മെഡിക്കല്‍ കോളേജുകളെ ഹെല്‍ത്ത് ഹബ്ബിന്റെ ഭാഗമാക്കും: മന്ത്രി വീണാ ജോര്‍ജ്

0
193

മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളേജുകളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബയോമെഡിക്കല്‍ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കല്‍ കോളേജുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകളെ മെഡിക്കല്‍ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കല്‍ കോളേജുകളില്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സമയബന്ധിതമായി അവ പൂര്‍ത്തിയാക്കണം. തുടര്‍ച്ചയായ നിരീക്ഷണം ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എബിബിഎസ്, പിജി സീറ്റുകള്‍ക്ക് പ്രാധാന്യം നല്‍കണം. സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല്‍ കോളേജുകളും നടപ്പിലാക്കണം. ആശുപത്രികള്‍ രോഗീസൗഹൃദവും ജനസൗഹൃദവുമാകണം. രോഗികളോട് ജീവനക്കാര്‍ നല്ല രീതിയില്‍ പെരുമാറണം. കിഫ്ബി തുടങ്ങിയ വിവിധ ഫണ്ടുകളോടെ മികച്ച സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കി വരുന്നു. അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണം. പുതിയ തസ്തികകള്‍ സൃഷ്ടിക്കാനായി നടപടി സ്വീകരിക്കും.

എല്ലാ മെഡിക്കല്‍ കോളേജുകളും സേഫ്റ്റി ഓഡിറ്റ് നടത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള പ്രധാനയിടങ്ങളില്‍ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫ്.കാരെ നിയോഗിക്കും. ജനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കുകളും മാറണം. ഒരു രോഗി അഡ്മിറ്റായി കഴിഞ്ഞാല്‍ ആ രോഗിയുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ ശേഖരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ടതാണ്. ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി രോഗികളെ പലയിടത്ത് നടത്തിക്കരുത്. ഏകജാലകം വഴി സേവനം ലഭ്യമാക്കണം.

സ്‌പെഷ്യല്‍ ഓഫീസര്‍, പ്ലാനിംഗ് ഓഫീസര്‍ തുടങ്ങിയവരടങ്ങുന്ന മൂന്നംഗ സമിതി മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ രൂപീകരിക്കണം. മെഡിക്കല്‍ കോളേജുകളുടെ വികസന പുരോഗതി വിലയിരുത്തണം. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടത്തണം. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിംഗ് ഓഫീസര്‍ ആഴ്ചതോറും യോഗം ചേര്‍ന്ന് പോരായ്മകള്‍ പരിഹരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജോ. ഡയറക്ടര്‍, എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.