പിറന്നാളിന്റെ പത്താം വർഷത്തിൽ ശബരിമലയിലെത്തി ബാലതാരം ദേവനന്ദ

0
203

പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ബാലതാരം ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തയായ ദേവനന്ദ പത്താം പിറന്നാളിൽ ശബരിമല സന്ദർശിച്ചു. ഇനി സ്വാമിയെ കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയിൽ നിന്നുള്ള വിഡിയോയും ദേവനന്ദ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

അയ്യപ്പനെ ഏറെ ആരാധിക്കുന്ന ദേവനന്ദ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറത്തിൽ അഭിനയിച്ചത്. പത്തു വയസ്സ് പൂർത്തിയാകുന്ന ദേവാനന്ദയ്ക്ക് ഇനി വീണ്ടും ശബരിമല സന്ദർശിക്കാൻ നാൽപത് വർഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെ കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ഈ കുഞ്ഞുതാരത്തിന്റെ അഭിപ്രായം.

‘‘ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിനു വേണ്ടിയുള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ.’’ ശബരിമലയിൽ ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് ദേവനന്ദ കുറിച്ചു.

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കുഞ്ഞു താരമാണ് ദേവനന്ദ. ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ദേവനന്ദയ്ക്ക് ആരാധകർ ഏറെയാണ്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദേവനന്ദ മൈ സാന്റാ, മിന്നൽ മുരളി, ഹെവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നാലാം ക്ലാസില്‍ പഠിക്കുകയാണ് കുട്ടിത്താരം. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.