തമിഴ്‌നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറുടെ ഛായാചിത്രങ്ങൾ നീക്കം ചെയ്യരുതെന്ന നിലപാടിൽ ഉറച്ച് സർക്കാർ

0
135

തമിഴ്‌നാട്ടിലെ കോടതികളിൽ നിന്ന് ബിആർ അംബേദ്കറുടെ ഛായാചിത്രങ്ങൾ നീക്കം ചെയ്യരുതെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന സർക്കാർ. വിഷയത്തിൽ തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാർ ഗംഗാപൂർവാലയുമായി കൂടിക്കാഴ്ച നടത്തി.

അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് നിയമമന്ത്രി സിജെയെ കത്തിലൂടെ അറിയിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

തിരുവള്ളുവരുടെയും മഹാത്മാഗാന്ധിയുടെയും ഛായാചിത്രങ്ങൾ മാത്രം കോടതിയിൽ അനുവദിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം അഭിഭാഷകർ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ ചില രാഷ്ട്രീയ പാർട്ടികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം ഒരു നേതാവിന്റെയും ഛായാചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടില്ലെന്നും തത്സ്ഥിതി തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.